15 November Thursday

‘കൂട്ടുകൃഷി’യിൽ അഭിനയിക്കാൻ ഇനി പുഷ്പോത്ഭവൻ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

പുഷ്പോത്ഭവന്റെ മൃതദേഹം വാമനപുരം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ

വെഞ്ഞാറമൂട് > കൂട്ടുകൃഷി നാടകത്തിൽ അഭിനയിക്കണമെന്ന മോഹം ബാക്കിയാക്കിയാണ‌് പുഷ്പോത്ഭവൻ യാത്രയായത‌്. വാമനപുരം കളമച്ചൽ ഗ്രാമത്തിൽ ഓർഗാനിക് തിയറ്റർ കൊണ്ടുവരുന്നതിലും അതിന്റെ പ്രവർത്തനം ചിട്ടയായി സംഘടിപ്പിക്കുന്നതിലും മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം .
   ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ നാടകത്തിൽ അഭിനയിക്കാൻ  പുഷ്പോത്ഭവനെ തെരെഞ്ഞെടുത്തിരുന്നു. വിവ കൾച്ചറൽ ഡവലപ്പ്മെന്റ‌് ഓർഗനൈസേഷനുമായി ചേർന്ന‌് സംഘടിപ്പിക്കുന്ന ഓർഗാനിക് തിയറ്ററിന്റെ എല്ലാ പ്രവർത്തങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം ബുധനാഴ്ച നടക്കുന്ന ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ചൊവാഴ്ച രാത്രിയിലും. അതുകൊണ്ട് തന്നെ ഉത്സവ പ്രതീതിയിൽ നടക്കേണ്ട ഉദ്ഘാടനചടങ്ങ്  ശോകമൂകമായിരുന്നു. ഏറ്റെടുക്കുന്ന ഏതുകാര്യത്തിലും നിറഞ്ഞ ആത്മാർത്ഥത കാണിച്ചിരുന്ന അദ്ദേഹം നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. 
 അമച്വർ നാടക കലാകാരനായ അദ്ദേഹം ലൈബ്രറി കൗൺസിലിന്റെയും വിമുക്തിയുടെയും നാടകങ്ങളിൽ വേഷമിട്ടു. കല്ലറ‐ പാങ്ങോട് സമര ചരിത്രം നാടകമായപ്പോൾ അതിന്റെ ഭാഗമായി. പരിഷത്തിന്റെ മേഖലാ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം കുട്ടികൾക്ക് പ്രിയപ്പെട്ട ശാസ‌്ത്ര അധ്യാപകൻ കൂടിയായിരുന്നു. 
കുട്ടികളുടെ അവധിക്കാല ക്യാമ്പുകളിൽ ഉൾപ്പടെ സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാട‌്    കളമച്ചൽ ഗ്രാമത്തിന‌് താങ്ങാവുന്നതിനപ്പുറമാണ‌്. മരണത്തിലും ഉത്തമ മനുഷ്യസ്നേഹിയായി തന്റെ കണ്ണുകൾ ദാനം ചെയ്താണ് യാത്രയായത്.
മന്ത്രിമാരായ എ കെ ബാലൻ, വി എസ് സുനിൽകുമാർ എന്നിവരും കോലിയക്കോട് എൻ കൃഷ്ണൻനായർ, ഡി കെ മുരളി എംഎൽഎ, എ സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, കെ മീരാൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. വാമനപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊതുദർശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top