19 January Saturday
ഷാജിമോന്‍ വധം

3 പ്രതികള്‍ക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 

 
ആലപ്പുഴ 
അമ്പലപ്പുഴ കിഴക്കേ കുമ്മനാട്ട് വീട്ടില്‍ ഷാജിമോനെ (30) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. കേസില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്ന ഷാജിമോന്റെ അച്ഛന്‍ കുമാരുവി (50) നെതിരെ കേസെടുത്തു. അമ്പലപ്പുഴ പുന്നക്കോവില്‍ ചിറയില്‍ ക‌ൃഷ‌്ണകുമാര്‍ (ലുട്ടാപ്പി ഷാജി–- 46), ബന്ധുവായ കരുണാകരന്‍നായര്‍ (കണ്ണന്‍ 42), എടത്വ തലവടി മംഗലതറ മനോജ് (41) എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ‌്ജി  കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴ സംഖ്യ ഷാജിമോന്റെ അമ്മ കുമാരിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.   1999 ഏപ്രില്‍ 11ന് പുലര്‍ച്ചെ 3.30നാണ‌് ഷാജിമോന് കുത്തേറ്റത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയ‌്ക്കിടയിലാണ് സംഭവം. ഈന്തപഴം വാങ്ങിയ ഷാജിമോന്‍ പണം നല്‍കിയില്ല. പ്രതികള്‍ പണം നല്‍കാന്‍ പറഞ്ഞപ്പോള്‍ വഴക്കായി. അമ്പലപ്പുഴ ബസ് സ‌്റ്റാൻഡിനു സമീപത്തുവച്ച‌് ഷാജിമോന‌് കുത്തേൽക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആറാംദിവസം ഷാജിമോന്‍ മരിച്ചു. ഷാജിമോന്റെ അച്ഛന്‍ കുമാരു ഒന്നാംസാക്ഷിയായിരുന്നു. കുമാരുവും മറ്റ് ദ‌ൃക്‌സാക്ഷികളും കൂറുമാറി. കോടതിയില്‍ കളവായ തെളിവ് നല്‍കിയതിന് കുമാരുവിനെതിരെ കേസെടുത്ത‌് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 29 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇതില്‍ പൊലീസുകാരും വില്ലേജ് ഓഫീസറും ഡോക‌്ടറും മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്.
കേസന്വേഷിച്ച അമ്പലപ്പുഴ സിഐ എം കെ സാലി മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിനൊപ്പം കേസ് അന്വേഷണം നടത്തിയ മറ്റൊരു എഎസ്ഐയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 24 രേഖകള്‍ തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത, അഡ്വ. പി പി ബൈജു എന്നിവര്‍ ഹാജരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top