16 October Tuesday

പ്രളയ ദുരിതാശ്വാസം: ജില്ലയിൽ 7807 പേർക്ക് 10,000 രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
സ്വന്തം ലേഖകൻ
കൽപ്പറ്റ
പ്രളയക്കെടുതികൾക്കിരയായവർക്ക് ദുരിതാശ്വാസമായി നൽകുന്ന പതിനായിരം രൂപ ജില്ലയിൽ 7807 പേർക്ക് വിതരണം ചെയ്തു. എണ്ണായിരത്തോളംപേരാണ് ഈ തുകക്ക് ജില്ലയിൽ അർഹരായിട്ടുള്ളത്. പ്രളയകാലത്ത് ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും വീടും സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയവർക്കും മണ്ണിടിഞ്ഞ് വീട് വാസയോഗ്യമല്ലാതായവർക്കുമാണ് ധനസഹായം പ്രഖ്യാപിച്ചത്. ദുരിതാശ്വാസത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ചിലർ വീണ്ടും അപേക്ഷനൽകിയിരുന്നു. ഇതിൽ 214 പേരെ കൂടി അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള സഹായത്തുക വിതരണ നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും. സഹായധനം അപേക്ഷിച്ചുകൊണ്ടുള്ള ബാക്കി അപേക്ഷകളിലും ഉടൻ നടപടി സ്വീകരിക്കും. സർക്കാർ തീരുമാനപ്രകാരം ഏഴിനായിരുന്ന ഇത്തരം പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി . ഇനി അപേക്ഷകൾ സ്വീകരിക്കില്ലെന്ന്  അധികൃതർ അറിയിച്ചു.
വൈത്തിരി താലൂക്കിൽ 3595 പേർക്കും മാനന്തവാടിയിൽ 3776 പേർക്കും ബത്തേരിയിൽ 436 പേർക്കുമാണ് സഹായം നൽകിയത്. അതത് താലൂക്ക് തഹസിൽദാരുടെ നിർദേശാനുസരണം അർഹരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ജില്ലയിൽ പ്രളയത്തിൽ മരിച്ച ഒൻപത് പേർക്ക് നാലു ലക്ഷം രൂപ വീതം 36 ലക്ഷം രൂപയും നൽകി കഴിഞ്ഞു. പരിക്കേറ്റവർക്കുള്ള സഹായവിതരണവും ഏതാണ്ട് പൂർത്തിയായി. 
പ്രളയസമയത്ത് ജില്ലയ്ക്ക് വിവിധ കേന്ദ്രങ്ങളിൽനിന്നും സഹായമായി ലഭിച്ച സാധനസാമഗ്രികളുടെയും ഭക്ഷ്യവസ്തുക്കളുടെയും  വിതരണം പൂർണമായും പൂർത്തിയായി. പ്രളയത്തിൽ അകപ്പെട്ട പതിനായിരത്തിലധികം പേർക്ക് കഴിഞ്ഞ അഞ്ച് ആഴ്ചയായി മാവേലി സ്റ്റോറുകൾ വഴി സൗജന്യമായി അരി വിതരണം ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസിൽനിന്നും പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകിയാണ് അരി വിതരണം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top