23 September Sunday

തിരുവല്ലം ക്ഷേത്രം പുരാവസ്തു വകുപ്പ് അധികൃതർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കോവളം 
സെൻട്രൽ ആർക്കയോളജി വിഭാഗം ഉദ്യോഗസ്ഥർ  തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.  ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പുരാവസ‌്തു വിഭാഗവും  ക്ഷേത്ര ഭാരവാഹികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയിലൂടെ പരിഹരിച്ചു. ഇതോടെ  കർക്കടക വാവ്ബലിയോടനുബന്ധിച്ച് നടത്തുന്ന മുന്നൊരുക്കങ്ങളിലും സജ്ജീകരണങ്ങളിലും കേന്ദ്ര പുരാവസ്തുവകുപ്പും പങ്കാളിയാകും. ക്ഷേത്രത്തിൽ ഇടയ‌്ക്ക് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അനുമതികൂടാതെ  നടത്തിയെന്നാരോപിച്ച് കേന്ദ്ര പുരാവസ്തു രജിസ്റ്റേർഡ് വിഭാഗം അധികൃതർ ക്ഷേത്രവികസന കമ്മിറ്റി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 
 
അനധികൃത അറ്റകുറ്റപ്പണികൾ നിറുത്താനും ഉത്തരവിട്ടു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ  ചന്ദ്രൻ, വികസന സമിതി ഭാരവാഹികളായ എസ്  ശിവകുമാരൻ നായർ, തിരുവല്ലം ഉദയൻ എന്നിവരുമായി സംഘം ചർച്ച നടത്തി.  ശ്രീകോവിലിനോടു ചേർന്നുള്ള പുരാതന ശിലാപാളികൾ ഇളകി അപകടാവസ്ഥയിലായതും  ഗണപതി, വിഷ്ണു ക്ഷേത്രങ്ങളിലെ ശ്രീകോവിലുൾപ്പെടെ ചോർന്നൊലിച്ച് ഭിത്തികൾക്കും വിഗ്രഹങ്ങൾക്കും കേടുപാട് സംഭവിച്ചതും ക്ഷേത്ര ഭാരവാഹികൾ  പുരാവസ‌്തു വകുപ്പ‌് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി.
 
നിരവധി  വർഷങ്ങളായി ഇതാണവസ്ഥയെന്നും  നുറുകണക്കിന് പേർ ഒരുമിച്ചിരുന്ന ബലി തർപ്പണം നടത്തുന്ന മണ്ഡപത്തിലെ കരിങ്കൽ പാളികൾ പലയിടങ്ങളിലും കാലപ്പഴക്കം കാരണം അടർന്ന് മാറിയത‌് പല വട്ടം പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലായെന്നും സംഘത്തെ അറിയിച്ചു. ക്ഷേത്രത്തിന്റെ പൗരാണിക പ്രാധാന്യം മുൻ നിറുത്തി  പഴയകാലത്ത് ഉപയോഗിച്ചിരുന്ന പ്രത്യേക കുമ്മായക്കൂട്ട് ഉപയോഗിച്ച് ശർക്കര, കടുക്ക, കുളമാവിൻ തൊലി, വയണത്തൊലി, കുമ്മായം, കൂവളത്തിൻ കറ തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ കുമ്മായവുമായി കൂട്ടിച്ചേർത്തുള്ള സുർക്കി ഉപയോഗിച്ച് കല്ലുകൾ കൂട്ടിച്ചേർക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ നടത്താൻ നടപടി സ്വീകരിക്കുമെന്ന് ആർക്കിയോളജി വിഭാഗം മേധാവി ക്ഷേത്രം ഭാരവാഹികൾക്ക് ഉറപ്പു നൽകി. ബലിതർപ്പണത്തിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും മറ്റ്  ഒരുക്കങ്ങളും  വിലയിരുത്താൻ  ദേവസ്വം ബോർഡ്അംഗം രാഘവൻ, സിറ്റി പൊലീസ് കമീഷണർ പി പ്രകാശ് എന്നിവരും സംഘാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top