22 October Monday

അമ്പായത്തോട് വനിതാ ക്ഷീരോൽപാദക സംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 കൊട്ടിയൂർ

അമ്പായത്തോട് വനിതാ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം.  ജില്ലയിലെ  ഏക  ക്ഷീരോൽപാദക വനിതാ സഹകരണ സംഘമാണിത‌്. ഒൻപതംഗ  ഭരണസമിതിയിലേക്ക് എട്ട് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. പട്ടികജാതി സംവരണ സീറ്റിലെ എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൽഡിഎഫ് സ്ഥാനാർഥികൾക്ക് 94 മുതൽ 100 വോട്ടുവരെയും യുഡിഎഫ് സ്ഥാനാർഥികൾക്ക് 23 മുതൽ 28 വോട്ടു വരെയും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥികളായ ആൻസി വർക്കി, ജിഷ ബിജു, പത്മിനി ശ്രീധരൻ, സിൽവി ബെന്നി, സിനി തങ്കച്ചൻ, ജിസി ഷാജി, റീന ഷാജി, സുഷമ ജോൺസൺ എന്നിവരാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എസ്ടി സംവരണ വിഭാഗത്തിൽ ശാന്ത ശശി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആൻസി വർക്കി പ്രസിഡന്റായി ചുമതലയേറ്റു. വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ അമ്പായത്തോട് ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. എം എസ് വാസുദേവൻ, പി തങ്കപ്പൻ, കെ എസ് നിധിൻ, എം സി ഷാജു, സിന്ധു വരദരാജൻ, ഉഷ അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ വോട്ടർമാരുടെ ഐഡിന്റിറ്റി കാർഡ് ബലമായി വാങ്ങാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചെറിയ സംഘർഷമുണ്ടായതൊഴിച്ചാൽ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പേരാവൂർ സിഐ കെ പ്രമോദിന്റെയും കേളകം എസ്ഐ അരുൺദാസിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന സംഘം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണ സ്വാധീനമുപയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു. വൻ തോൽവിയുടെ ജാള്യം മറയ്ക്കാനായി യുഡിഎഫ് ഇല്ലാത്ത അക്രമങ്ങളുടെ പേരിൽ കൊട്ടിയൂർ പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉരുൾ പൊട്ടലിന്റെ ഭാഗമായി ജനങ്ങൾ ദുരിതത്തിലായ സമയത്ത് അനാവശ്യ ഹർത്താലിന് ആഹ്വാനം ചെയ്ത യുഡിഎഫ‌് നിലപാടിനെതിരെ വൻ ജനരോഷമുയർന്നിട്ടുണ്ട്. കർക്കടക വാവ് ദിനമായതിനാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തുന്നവരും ദുരിതത്തിലാകും. ഉരുൾപൊട്ടലിൽ സർവവും നശിച്ച് അതിജീവനത്തിനായി പൊരുതുന്ന നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സമയത്ത്  യുഡിഎഫ് പ്രഖ്യാപിച്ച അനാവശ്യ ഹർത്താൽ ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ എം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top