17 August Friday

ചെന്നൈ സൂപ്പർഫാസ്റ്റിൽ യാത്രാദുരിതം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കാസർകോട്
മംഗളൂരു‐ ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ യാത്ര റിസർവേഷൻകാർക്കും സീസൺ ടിക്കറ്റുകാർക്കും ഒരുപോലെ ദുരിതമാകുന്നു. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള പ്രതിദിന ട്രെയിനിൽ കണ്ണൂർ വരെയുള്ള യാത്രയാണ് പ്രശ്നമാവുന്നത്. വൈകിട്ട് 4.20ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അഞ്ചിന്‌  കാസർകോട് എത്തുന്നതോടെയാണ് യാത്രക്കാരാൽ നിറയുന്നത്‌.  ജീവനക്കാരും അധ്യാപകരും  സാധാരണ യാത്രക്കാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് കാസർകോട് നിന്ന് കയറുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ എന്നിവിടങ്ങളിലും ഇതേ സ്ഥിതിയാണ്‌. എന്നാൽ രണ്ട് ജനറൽ കോച്ച് മാത്രമാണുള്ളത്. നാമമാത്ര സീറ്റുള്ള ലേഡീസ് കംപാർട്ടുമെന്റുമുണ്ട്. എന്നാൽ ഓഫീസും സ്കൂളുകളും വിവിധ സ്ഥാപനങ്ങളും വിട്ട് വീടുപിടിക്കാനെത്തുന്നവരെ ഉൾക്കൊള്ളാൻ ഇതിന്റെ ഇരട്ടി ജനറൽ കോച്ചുണ്ടായാലും പറ്റില്ല.
സീസൺ ടിക്കറ്റുകാരും സാധാരണ യാത്രക്കാരും ജനറൽ കോച്ചിൽ കയറാൻ പറ്റാത്തതിനാൽ റിസർവേഷൻ കംപാർട്ടുമെന്റിനെയാണ് ആശ്രയിക്കുന്നത്. ഇത് റിസർവേഷൻകാരുമായുള്ള തർക്കത്തിന്  വഴിവെക്കുന്നു. റിസർവേഷൻകാരുടെ പരാതിയെ തുടർന്ന് മിക്ക ദിവസങ്ങളിലും ടിക്കറ്റ് പരിശോധനയ്ക്കായി സ്ക്വാഡും ഈ ട്രെയിനിൽ കയറുണ്ട്. ഇത് വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്. ഓഫീസ് വിടുന്ന സമയത്ത് മറ്റ് ട്രെയിനുകളില്ലാത്തിനാൽ യാത്രക്കാർ ചെന്നൈ സുപ്പർ ഫാസ്റ്റിൽ കയറാൻ നിർബന്ധിതരാവുകയാണ്. വൈകിട്ട് 3.10ന് മംഗളൂരു‐ തിരുവനന്തപുരം എക്സ്പ്രസ് കഴിഞ്ഞാൽ കാസർകോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ആശ്രയം അഞ്ചിനെത്തുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് മാത്രമാണ്. ഇത് കഴിഞ്ഞാൽ 5.40ന്റെ മംഗളൂരു‐ കണ്ണൂർ പാസഞ്ചറുള്ളത്. മറ്റ് വണ്ടികൾക്ക് വേണ്ടി പാസഞ്ചർ മിക്ക ദിവസങ്ങളിലും പിടിച്ചിടുന്നതിനാൽ യാത്രക്കാർക്ക്‌ രാത്രി വൈകിയേ വീട്ടിലെത്താൻ പറ്റൂ. ബസ് പോലും കിട്ടാതെ വീടെത്താൻ ടാക്സിയെ ആശ്രയിക്കേണ്ടി വരും.സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇതിനാൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.  
സ്ക്വാഡ് കയറിയാൽ സീസൺ ടിക്കറ്റുകാർക്ക് വലിയ പീഡനമാണ്. ക്വാട്ട തികയ്ക്കുന്നതിന്റെ ഭാഗമായി എങ്ങനെയെങ്കിലും പിഴ  ഈടാക്കുകയാണ് സ്ക്വാഡിന്റെ ലക്ഷ്യം. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വം, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് കയറുന്ന സീസൺ ടിക്കറ്റുകാർ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുന്നത് ഏത്സമയത്തും സ്ക്വാഡിന്റെ പിടിവീഴുമെന്ന ഭീഷണിയിലാണ്. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ സീസൺ ടിക്കറ്റുകാർ റിസർവേഷനിൽ കയറില്ല. സ്പെഷ്യൽ ട്രെയിൻ സീസണെടുക്കുന്നവർ ഒരു നിവൃത്തിയുമില്ലാതിനാലാണ് റിസർവേഷനിൽ എത്തിപ്പെടുന്നത്. മിക്ക ദിവസങ്ങളിലും കയറുന്ന സ്ക്വാഡ് ഇവരുടെ കീശ കാലിയാക്കുന്നു. ഫുൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതാണ് ഇതിലും ഭേദമെന്നാണ് സീസൺ ടിക്കറ്റുകാർ പറയുന്നത്.
ചെന്നൈ സൂപ്പർ ഫാസ്റ്റിൽ കൂടുതൽ ജനറൽ കോച്ചോ, അല്ലെങ്കിൽ രണ്ടിലധികം അൺ റിസർവ്ഡ് കംപാർട്ട്മെന്റോ അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പാസഞ്ചർ അസോസിയേഷനുകൾ ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ യാത്രക്കാരെ കൊള്ളയടിക്കാനായി  റെയിൽവെ ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ചെന്നൈ സൂപ്പർ ഫാസ്റ്റിന്  നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാൻ കാണിച്ച കൂട്ടായ്മയും സമ്മർദവും കൂടുതൽ ജനറൽ  കോച്ച് വേണമെന്ന ആവശ്യത്തിലും ഉയരണം. കണ്ണൂർ, കാസർകോട് എംപിമാർ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയാൽ റെയിൽവേക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതിനൊപ്പം സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയും രൂപപ്പെടണം. റിസർവേഷൻകാർക്കും സൗകര്യപ്രദമായി യാത്ര ചെയ്യാൻ ചെന്നൈ സൂപ്പർ ഫാസ്റ്റിൽ ജനറൽ കോച്ച് അനിവാര്യമാണ്. കണ്ണൂർ വരെയുള്ള യാത്രയിലാണ് കടുത്ത തിരക്ക് അനുഭവപ്പെടുന്നത്.
പ്രധാന വാർത്തകൾ
Top