Top
23
Thursday, November 2017
About UsE-Paper

# കെപിസിസി ജന. സെക്രട്ടറി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട് സോളാര്‍ നാണക്കേട് കോഴിക്കോട്ടും

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തലകുനിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ സുബ്രഹ്മണ്യനാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട് ഡിസിസി നേതൃത്വത്തെ ഞെട്ടിച്ചത്.
ചെന്നൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ തന്നെ പീഡിപ്പിച്ചുവെന്ന സരിത എസ് നായരുടെ ആക്ഷേപത്തിനാണ് കമീഷന്‍ റിപ്പോര്‍ട്ടിലൂടെ സാധൂകരണമുണ്ടായത്. സുബ്രഹ്മണ്യന്റെ ഭാര്യാ സഹോദരന് സോളാര്‍ ഏജന്‍സിയുടെ കോഴിക്കോട് ജില്ലയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന ധാരണയിലാണ് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ പേരുകാട്ടി 10 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് വിവരം. കുറേക്കഴിഞ്ഞ് സരിത അറസ്റ്റിലാകുന്നതോടെ പണം പോയവര്‍ ഓരോരുത്തരായി സരിതയെ വിളിക്കാന്‍ തുടങ്ങി. ഭാര്യാ സഹോദരന്റെ പ്രശ്നത്തിന് സുബ്രഹ്മണ്യന്‍ നിരവധി തവണ സരിതയെ വിളിച്ചു. പലപ്പോഴും ഫോണെടുക്കാത്തതിനാലാണ് നിരവധി തവണ വിളിച്ചതെന്നാണ് സുബ്രഹ്മണ്യന്‍ മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
സോളാര്‍ വിഷയം ഡിസിസി യോഗത്തില്‍ പലതവണ ഒച്ചപ്പാടുണ്ടാക്കി. കളങ്കിതരും ആരോപണ വിധേയരുമായവരെ മാറ്റിനിര്‍ത്തണമെന്ന് ഡിസിസി യോഗത്തില്‍ പ്രമേയമടക്കം വന്നു. എംപിക്കെതിരെയും ആരോപണമുണ്ടായി. ഇതിന്റെ പേരില്‍ കെപിസിസി പട്ടികയില്‍നിന്ന് ചിലരെ ഒഴിവാക്കി.
നേരത്തെ നന്മണ്ട-ചീക്കിലോട് റോഡ് അഴിമതിയുടെ പേരില്‍ സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ചെന്നിത്തല പ്രസിഡന്റായപ്പോഴാണ് തിരിച്ചെടുത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയാക്കിയത്.
സുബ്രഹ്മണ്യന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസില്‍നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍നിന്ന് രക്ഷിക്കാന്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് അടക്കം സരിതയെ വിളിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. സോളാര്‍ വിവാദത്തില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം പരസ്പരം ആക്ഷേപമുന്നയിക്കുകയാണ്. വരും ദിവസങ്ങളില്‍ പരസ്യമായി രംഗത്തുവരാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
 

Related News

കൂടുതൽ വാർത്തകൾ »