11 December Tuesday

കാല്‍ലക്ഷം ചുവപ്പു വളണ്ടിയര്‍മാരുടെ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

 കണ്ണൂര്‍ > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന ചുവപ്പുവളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും ജനുവരി 29ന് നടക്കും. ജവഹര്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. 27,28, 29 തിയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനം ഉണ്ടാവില്ല. സമ്മേളനത്തില്‍ അഞ്ഞൂറ് പ്രതിനിധികളാണ് പങ്കെടുക്കുക. കണ്ണൂര്‍ നഗരത്തിലെ വീടുകളിലാണ് ഇവര്‍ക്ക് താമസം ഒരുക്കുക. 

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണം സമ്മേളനത്തിന്റെ ഭാഗമായുള്ള വിപുലമായ അനുബന്ധ പരിപാടികള്‍ക്ക് രൂപം നല്‍കി. കണ്ണൂരിന്റെ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ യോഗത്തില്‍ പങ്കെടുത്തു. 
 വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് കണ്ണൂര്‍ നഗരത്തിലും പ്രധാന കേന്ദ്രങ്ങളിലും സെമിനാറുകള്‍ ഉള്‍പ്പെടെ അനുബന്ധ പരിപാടികള്‍ നടത്തും. മാര്‍ക്സിസത്തിന്റെ പ്രസക്തിയെ അടിസ്ഥാനമാക്കിയുള്ള ചരിത്രസെമിനാര്‍, മതതീവ്രവാദം, ഇടതുപക്ഷ ബദല്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. 
 എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ഹരിതകേരളം മിഷനുകള്‍ വിഷയങ്ങളായും സെമിനാര്‍ ഉണ്ടാവും. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയിലെ ജീവിതസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറും ആസൂത്രണം ചെയ്തിട്ടുണ്ട്. നവമാധ്യമരംഗത്തെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനായി ലോക്കലുകള്‍ തോറും നവമാധ്യമ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 
 സാന്ത്വന പരിചരണരംഗത്ത് ഐആര്‍പിസിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളുടെ തുടര്‍ച്ചയായി ജില്ലയെ സാന്ത്വന പരിചരണ സൌഹൃദജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഏറ്റെടുക്കും. മുഴുവന്‍ കിടപ്പുരോഗികളെയും ഐആര്‍പിസി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനമായ ജനുവരി 15ന് പരിചരിക്കും. 
 സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 12 സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. ചെയര്‍മാന്‍, കണ്‍വീനര്‍ എന്നീ ക്രമത്തില്‍: 
സാമ്പത്തികം: എന്‍ ചന്ദ്രന്‍, കെ പി സുധാകരന്‍. പ്രോഗ്രാം: കെ കെ രാഗേഷ് എംപി, പ്രൊഫ. ടി വി ബാലന്‍. പ്രചാരണം: എം ഷാജര്‍, പി പ്രശാന്തന്‍. ഭക്ഷണം: കെ കെ നാരായണന്‍, വയക്കാടി ബാലകൃഷ്ണന്‍. താമസം: ഒ കെ വിനീഷ്, എന്‍ പി ശ്രീനാഥ്. ഡക്കറേഷന്‍: കുടുവന്‍ പത്മനാഭന്‍, പോത്തോടി സജീവന്‍. സ്റ്റേജ്: ബിജു കണ്ടക്കൈ, പി രമേശ് ബാബു. വളണ്ടിയര്‍: അരക്കന്‍ ബാലന്‍, കെ ഗിരീഷ് കുമാര്‍. മീഡിയ: കെ ടി ശശി, എന്‍ സുകന്യ. പ്രദര്‍ശനം: കീച്ചേരി രാഘവന്‍, വി കെ സനോജ്. മെഡിക്കല്‍: ഒ എസ് മോളി, ഇ സുര്‍ജിത് കുമാര്‍. കലാ-സാംസ്കാരികം: എം കെ മനോഹരന്‍, പി വി രത്നാകരന്‍. 
 
പ്രധാന വാർത്തകൾ
Top