24 September Monday
ഏനാമാക്കൽ, ഇല്ലിക്കൽ റഗുലേറ്ററുകൾ

യന്ത്രമാണ‌് പരിഹാരം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ഏാനാമാവു റെഗുലേറ്റവും വെള്ളക്കെട്ടും

 

 തൃശൂർ
പ്രളയത്തിന്റെ അനുഭവത്തിൽ ഏനാമാക്കൽ, ഇല്ലിക്കൽ റഗുലേറ്ററുകളിൽ   ജലനിയന്ത്രണത്തിന്  യന്ത്രസംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കം തടയാനാണ്  പുഴകൾക്കു കുറുകെയുള്ള റഗുലേറ്ററുകളിൽ സ്ഥാപിക്കുന്നത്. ഈ റഗുലേറ്ററുകളുടെ  ഷട്ടർ ഉയർത്താനും താഴ്ത്താനും  യന്ത്രസംവിധാനം ഇല്ലാത്തതാണ് ജില്ലയിലെ പ്രളയക്കെടുതിക്ക് ആക്കംകൂട്ടിയത്.  കരുവന്നൂർ പുഴയ‌്ക്ക് കുറുകെയുളള ആറാട്ടുപുഴ,  എട്ടുമുന ബണ്ടുകൾ പൊട്ടിയതോടെയാണ് അപ്രതീക്ഷിത മേഖലകൾ വെള്ളപ്പൊക്കത്തിലായത്. ഇല്ലിക്കൽ ഷട്ടർ ഉയർത്താൻ യന്ത്രസംവിധാനമില്ല. പകരം ഇതിനായി ചുമതലപ്പെടുത്തിയ കരാറുകാർ ഉയർത്തുകയും താഴ്ത്തുകയുമാണ് പതിവ്. പക്ഷേ, ക്രമംവിട്ട് ഇതു മനുഷ്യസാധ്യമല്ല.
 ബണ്ടുകൾ പൊട്ടുകയും പുഴ വഴി മാറി ഒഴുകുകയും ചെയ‌്തതോടെയാണ്  ഏനാമാക്കൽ റഗുലേറ്റർ ഭാഗത്തേക്ക് അധികജലം എത്തിയത്. ഇവിടെയും ഷട്ടറുകൾ ഉയർത്താൻ യന്ത്രസംവിധാനമില്ല. പല ഷട്ടറുകളും തകരാറുമാണ്. ഇതിനാൽ വെള്ളം റോഡ് നിറഞ്ഞൊഴുകുകയായിരുന്നു. ഇതോടെയാണ് ഏനാമാക്കൽ റഗുലേറ്റർ തകർന്നതായി തെറ്റായവാർത്ത പരന്നത്. യന്ത്ര സംവിധാനം ആവശ്യമാണെന്ന‌് ജലസേചന വിഭാഗം അധികൃതർ  സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഏനാമാക്കൽ,  ഇല്ലിക്കൽ, ഇടിയംചിറ, കൊറ്റംകോട്ടുവളവ്, കുത്തുമാക്കൽ, മുനയംചിറ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലും റഗുലേറ്ററുകളുണ്ട്. എന്നാൽ ആവശ്യമായ ജീവനക്കാരില്ലെന്ന് പരാതിയുണ്ട്. ഇതിനാലാണ് ഷട്ടറുകൾ ഉയർത്താൻ കരാറുകാരെ ഏൽപ്പിക്കുന്നത്. ഷട്ടർ പൊട്ടുമെന്ന ഭയത്താൽ ഇവർ ക്രമംവിട്ട് ഉയർത്താറില്ല.
 ഗെയിൽ പൈപ്പുകൾ സ്ഥാപിക്കാൻ  വണ്ടികൾ പോയി കോൾ ബണ്ടുകൾ നാശമായിട്ടുണ്ട്. ഇത് ഉയരം കൂട്ടി സംരക്ഷിക്കണം. കോൾച്ചാലുകളും ആഴം കൂട്ടി സംരക്ഷിക്കണം.  ഏനാമാവ് റഗുലേറ്ററിനോട് ചേർന്ന് കോൾ നിലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ഹൈ ലെവൽ കനാലുമുണ്ട്.   ഇല്ലിക്കൽ ബണ്ട് പൊട്ടിയതോടെ കനാൽ കവിഞ്ഞ‌് തെക്കേ കോഞ്ചിറ ഭാഗത്ത് നിന്നു വെള്ളം മറിയുകയായിരുന്നു. ഏനാമാക്കലിലും ഇല്ലിക്കലിലും റഗുലേറ്ററുകൾ പെയിന്റടിച്ച് പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഏനാമാക്കലിൽ നാലെണ്ണം അടച്ചു. 
മുല്ലശേരി ബ്ലോക്കിൽ ഇപ്പോഴും ഏഴ‌് കുടുംബം തൊയക്കാവ‌് കുണ്ടഴിയൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ക്യാമ്പിൽ കഴിയുകയാണ്. 43 പേർ ഇവിടെയുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ട്. മെഡിക്കൽ സഹായവുമുണ്ട്.  വെങ്കിടങ്ങ് പഞ്ചായത്തിൽ ദുരിതബാധിതർക്ക് കിറ്റുകൾ  വിതരണം ചെയ്തിരുന്നു. അരിയുൾപ്പെടെ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പേസ്റ്റ്, സോപ്പ്, ബിസ്കറ്റ്, പുതപ്പുൾപ്പെടെയുള്ള വസ്ത്രങ്ങൾ തുടങ്ങി ഇരുപത്തി യഞ്ചോളം ഉൽപ്പന്നങ്ങളടങ്ങിയതാണ‌് കിറ്റ്.  അക്കൗണ്ടിലേക്കുള്ള 10,000 രൂപയും വിതരണം ചെയ്യുന്നുണ്ട്.
പ്രധാന വാർത്തകൾ
Top