15 November Thursday

ദുരിതാശ്വാസ നിധി സഹായം തേടി വീണ്ടും ജനങ്ങളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018
വെള്ളരിക്കുണ്ട് 
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണതേടി സർക്കാർ ജനങ്ങളിലേക്ക്. ജില്ലയിൽ 13,15 തീയതികളിൽ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ  കലക്ടർ, ജില്ലാ പൊലീസ് മേധാവി  എന്നിരടക്കം താലൂക്ക് തലത്തിൽ ജനങ്ങളെ നേരിൽക്കണ്ട് സഹായങ്ങൾ സ്വീകരിക്കും. 
13ന് രാവിലെ 10മുതൽ ഒന്നുവരെ  വെള്ളരിക്കുണ്ട് താലൂക്കിലും രണ്ടുമുതൽ അഞ്ചുവരെ കാസർകോട് താലൂക്കിലും  15ന് രാവിലെ 10 മുതൽ ഒന്നുവരെ  ഹൊസ്ദുർഗ് താലൂക്കിലും രണ്ടുമുതൽ അഞ്ചുവ രെ മഞ്ചേശ്വരം താലൂക്കിലുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന സ്വീകരിക്കുന്നത്. 
വെള്ളരിക്കുണ്ട് താലൂക്ക്തല ഫണ്ട് സ്വീകരണം വ്യാഴാഴ്ച രാവിലെ 10മുതൽ ഒന്നുവരെ  പരപ്പ ബ്ലോക്ക് ഓഫീസിലാണ്.  ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്ച താലൂക്കിലെ ഏഴ് പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികൾ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ  അടങ്ങിയ സ്ക്വാഡ് വ്യക്തികൾ, സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവരെ നേരിൽകണ്ട് സഹായം അഭ്യർഥിക്കും. പൊതുസമൂഹം നൽകുന്ന സഹായം ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ മന്ത്രിയുടെ നേതൃത്വത്തിൽ  സ്വീകരിക്കും. 
പ്രളയബാധയുണ്ടായ ആദ്യഘട്ടം മുതൽതന്നെ  മലയോരമേഖലയിൽ നിന്ന്‌  നിർലോഭമായ സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കുഞ്ഞുകുട്ടികൾ അവരുടെ കുടുക്കയിലെ സന്പാദ്യം  മുതൽ മുതിർന്നവർക്കും അവരുടെ ആഘോഷങ്ങൾ ഒഴിവാക്കി  തുക  ദുരിതാശ്വാസത്തിനായി നീക്കിവെച്ചു.  മലയോരത്ത് ഒരു സ്ഥലത്തും നിശ്ചയിച്ച ഓണാഘോഷം നടത്തിയിരുന്നില്ല.അതിനായി സ്വരൂപിച്ച തുക അവർ ദുരിതാശ്വാസത്തിനായി നൽകി.ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങൾ, കുടുംബശ്രീ, സ്വയംസഹായസംഘങ്ങൾ, ക്ലബ്ബുകൾ, സ്കൂളുകൾ, യുവജനസംഘടനകൾ, ഊരുകൂട്ടങ്ങൾ തുടങ്ങി നാനാഭാഗത്തുനിന്നും  സഹായങ്ങൾ  പ്രവഹിക്കുകയാണ്. ഭക്ഷ്യധാന്യങ്ങൾ,വസ്ത്രങ്ങൾ, മരുന്നുകൾ, എന്നിവ അയച്ചും പ്രളയത്തിനുശേഷം ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തും മലയോരജനത സമാനതകളില്ലാത്ത ആശ്വാസ പ്രവർത്തനങ്ങളാണ് നടത്തിയത്. തുടർന്നും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ വെമ്പുന്ന മലയോര ജനതയുടെ മനസ്സിനുമുന്നിൽ തൊഴുകൈകളോടെ എത്തുകയാണ് അധികൃതർ. 
13ന് പരപ്പയിൽ നടക്കുന്ന ദുരിതാശ്വാസസഹായ സ്വീകരണ ക്യാമ്പ് വൻവിജയമാക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top