18 August Saturday

രോഷാഗ്നിയായ‌് കർഷകപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കർഷകസംഘം നേതൃത്വത്തിൽ കാസർകോട്‌ ഹെഡ്പോസ്േറ്റാഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം  
നരേന്ദ്ര മോഡി സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്ത‌് കർഷകപ്രതിഷേധം ഇരമ്പി. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജയിൽനിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത‌് നടന്ന കർഷകരുടെ മഹാധർണയിൽ ആയിരങ്ങൾ പങ്കാളികളായി. തിരുവനന്തപുരത്ത‌് രാജ‌്ഭവനുമുന്നിലും ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലുമാണ‌് ധർണ സംഘടിപ്പിച്ചത‌്‌. പ്രതികൂലകാലാവസ്ഥയെത്തുടർന്ന‌് ഇടുക്കി, കോട്ടയം, വയനാട‌് ജില്ലകളിൽ സമരം മാറ്റി.
രാജ‌്ഭവനുമുന്നിൽ കിസാൻ സഭ വൈസ‌്പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള സമരം ഉദ‌്ഘാടനംചെയ‌്തു. കർഷകസംഘം പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻനായർ അധ്യക്ഷനായി. പ്രധാനമന്ത്രിക്ക‌് സമർപ്പിക്കാനുള്ള പത്തുലക്ഷം കർഷകർ ഒപ്പിട്ട നിവേദനം കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ‌് സെക്രട്ടറി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ഗവർണർ ജസ്റ്റിസ‌് പി സദാശിവത്തിന‌് കൈമാറി.  മറ്റ‌് ജില്ലകളിൽ കലക്ടർമാർവഴിയാണ‌് പ്രധാനമന്ത്രിക്ക‌് നിവേദനം നൽകുക. സംസ്ഥാനത്ത‌് ഒരുകോടി പേർ ഒപ്പിട്ട നിവേദനമാണ‌് പ്രധാനമന്ത്രിക്ക‌് കൈമാറുക.
കാസർകോട്‌  ഹെഡ്പോസ്േറ്റാഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരക്കണക്കിന്‌ കർഷക വളണ്ടിയർമാർ പങ്കെടുത്തു. രാവിലെ ഒമ്പതുമുതൽ  രാത്രിവരെ നടന്ന സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി സ്‌ത്രീകളുൾപ്പെടെയുള്ള കർഷകർ അണിചേർന്നു.  മോഡി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയുള്ള  ദേശവ്യാപക  പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ പോസ്േറ്റാഫീസ് മാർച്ച് സംഘടിപ്പിച്ചത്‌.
കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, ഉൽപന്നങ്ങൾ ചെലവിന്റെ 50 ശതമാനം ചേർത്ത് സംഭരിക്കുക, വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുക, റബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക, റബർ കാർഷിക ഉൽപന്നമാക്കുക, റബർ ഇറക്കുമതി തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കർഷകസംഘം നേതൃത്വത്തിൽ നടത്തിയ സമരത്തിന്‌ പിന്തുണയുമായി വിവിധ സംഘടനകൾ അവരവരുടെ ബാനറുകൾക്ക്‌ കീഴിൽ സമരപ്പന്തലിലെത്തി. സമര വളണ്ടിയർമാർക്കുള്ള ഉച്ചഭക്ഷണം വീടുകളിൽനിന്ന് പൊതിച്ചോറായി എത്തിച്ചു. സിഐടിയു, കെഎസ്‌െകടിയു,  ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ പ്രവർത്തകർ  സമരത്തെ അഭിവാദ്യം ചെയ്യും.
രാവിലെ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ സമരം ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാപ്രസിഡന്റ്‌ പി ജനാർദനൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, പ്രസിഡന്റ്‌ കെ ബാലകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാസെക്രട്ടറി വി കെ രാജൻ, പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാപ്രസിഡന്റ്‌ എം സുമതി, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്‌ ശിവജി വെള്ളിക്കോത്ത്‌, ടി കോരൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാസെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
സമാപന പൊതുയോഗം കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം വി കോമൻനമ്പ്യാർ ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി വൈസ്‌ ചെയർമാൻ കെ എ മുഹമ്മദ്‌ ഹനീഫ അധ്യക്ഷനായി. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top