10 December Monday

ഹൃദയത്തിൽ കാരുണ്യത്തിന്റെ കൈയൊപ്പ്‌ സ്‌നേഹം തിരിച്ചുനൽകി ഡോക്ടർക്ക്‌ യാത്രയയപ്പ്‌

സ്വന്തം ലേഖകൻUpdated: Friday Aug 10, 2018

കടയക്കര കോളനിവാസികളോടൊപ്പം ഡോ. ഷിനു ശ്യാമളൻ

വെള്ളരിക്കുണ്ട് 
ഡോ. ഷിനു ശ്യാമളൻ ഈ നാട്ടിലെത്തിയിട്ട്‌ ഏറെക്കാലമായില്ല. തങ്ങളിലൊരാളായി ഒപ്പംനിന്ന ഡോക്ടർ തൃശൂരിലേക്ക്‌ താമസം മാറുേമ്പാൾ അത്‌ കടയക്കര കോളനിവാസികൾക്ക്‌ ഒരു നഷ്ടമായി. കഴിഞ്ഞദിവസം യാത്രപറയാനെത്തിയ ഡോക്ടറെ നിറമിഴികളോടെയാണ് കടയക്കരക്കാർ യാത്രയാക്കിയത്. 
വെസ്റ്റ് എളേരി മൗക്കോട് പിഎച്ച്സിയിലെ ഡോ. രാഹുലിന്റെ ഭാര്യ ഡോ. ഷിനു ശ്യാമളൻ  ഈ മണ്ണിന്റെ മക്കളുടെ ഹൃദയത്തിൽ ഇടംനേടിയത്‌ പെട്ടെന്നാണ്‌.  ഒരു വർഷം മുമ്പ്‌ ഭർത്താവിനൊപ്പം മൗക്കോട് താമസമാക്കുകയും വെസ്റ്റ് എളേരി കടുമേനിയിലെ കടയക്കര കോളനിവാസികളുടെ ദുരിതം കണ്ടറിഞ്ഞ് അവർക്കുവേണ്ടി പ്രവർത്തിയ്ക്കുകയും ചെയ്തതാണ് ഈ യുവ ഡോക്ടറെ വ്യത്യസ്തയാക്കുന്നത്. ആതുരസേവനവും ജനസേവനവും ഒരുപോലെ  കൊണ്ടുപോകാനുള്ള ഇവരുടെ  തീരുമാനത്തിന്‌  ഭർത്താവ് ഒപ്പംനിന്നപ്പോൾ അത്  മാറ്റത്തിന്റെതുടക്കമാവുകയായിരുന്നു. 
നാലുമാസം മുമ്പ്  ജന്മദിനത്തിലാണ് ഡോക്ടർ  ഈ  കോളനിയിലെത്തുന്നത്. പിറന്നാൾ സാധുജനങ്ങളോടൊപ്പം വേണമെന്ന ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ. ഇവിടെയെത്തിയ ഡോക്ടർ കോളനിയിലെ ചില കുടുംബങ്ങളുടെ  ദുരവസ്ഥ മനസിലാക്കി അത്  സമൂഹമാധ്യമത്തിൽ എഴുതുകയും  തുടർന്ന് തന്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് ലഭ്യമായ സഹായങ്ങൾ ഏകോപിപ്പിച്ച് കോളനിയിൽ വൻ മാറ്റത്തിന്‌ നേതൃത്വം നൽകുകയും ചെയ്‌തു. കാരുണ്യപ്രവർത്തനങ്ങൾക്കായി 'നിഴൽ' എന്ന സംഘടനയ്ക്കും രൂപം നൽകി. കോളനിയിൽ മൂന്ന് കുടുംബങ്ങൾക്ക്  ശൗചാലയങ്ങൾ നിർമിച്ച് നൽകി. കൂടാതെ  ഇവിടുത്തെ കുട്ടികൾക്ക് പഠനോപകരണങ്ങൾ, വീടുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ തുടങ്ങി കഴിയാവുന്ന  എല്ലാ  സഹായങ്ങളും നൽകി. ഭർത്താവിന്റെ സ്ഥലംമാറ്റത്തെ തുടർന്നാണ് ഡോ. ഷിനു തൃശൂരിലേക്ക് പോകുന്നത്. ജനോപകാരപ്രദമായ  നിരവധി ലേഖനങ്ങൾ ഡോ. ഷിനു  എഴുതിയിട്ടുണ്ട്. എവിടെ ആയിരുന്നാലും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ഡോക്ടർ പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
Top