19 November Monday

സ്ത്രീ സുരക്ഷയ്ക്ക് കരുതല്‍ ഹലോ.... 1515; വിളിപ്പുറത്തുണ്ട് പിങ്ക് പൊലീസ്

ഒ വി സുരേഷ്Updated: Sunday Jun 10, 2018

സ്ത്രീ സുരക്ഷയ്ക്ക് ജാഗ്രതയോടെ: കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ച കേരള പൊലീസിന്റെ പിങ്ക് പട്രോളിങ് യൂണിറ്റ്

കാസര്‍കോട്
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പിങ്ക് പൊലീസിലേക്ക് ഒരു വിളി വന്നത്. കടപ്പുറം ഭാഗത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാലുവയസ്സുകാരിയെ പിടിച്ചുവെച്ചിരിക്കുന്നു. വിവരം കേട്ടതോടെ, പൊലീസ് കുതിച്ചെത്തി. സംഭവം കുടുംബപ്രശ്‌നമായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ അച്ഛന്റെ ബന്ധുക്കള്‍ കുട്ടിയെ ബലംപിടിച്ച് കൊണ്ടുപോകാന്‍ വന്നതായിരുന്നു. സ്ഥലത്ത് എത്തിയ പിങ്ക് പൊലീസ് ഇടപെട്ടു. അച്ഛനെയും അമ്മയെയും അവര്‍ വിളിച്ചുവരുത്തി. സംസാരത്തിനൊടുവില്‍ കഥ ക്ലൈമാക്‌സിലേക്ക്.  വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന കുടുംബം ഒന്നായി തിരിച്ച് ഒരേ വീട്ടിലേക്ക്. 
കാസര്‍കോട് പിങ്ക് പൊലീസിനെ കണ്ടുതുടങ്ങിയിട്ട് ഒരു മാസമാകുന്നതേയുള്ളു. മെയ് 11ന് ആണ് പൊലീസിലെ 12 വനിതകളടങ്ങുന്ന സംഘം കാസര്‍കോട്ട് ഇറങ്ങിയത്. തിരുവനന്തപുരത്ത് തുടങ്ങിയ പിങ്ക് പൊലീസ് പ്രവര്‍ത്തനം അത്യുത്തര കേരളത്തിലും എത്തുകയായിരുന്നു. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സുരക്ഷയ്ക്ക് കാവല്‍നില്‍ക്കുകയാണിവര്‍. 
കാസര്‍കോടിന്റെ നഗര വീഥികളിലും ഇടവഴികളിലും ഈ 12 അംഗ സംഘം സദാ ജാഗരൂകരായുണ്ട്. കാസര്‍കോട് പൊലീസ് സ്‌റ്റേഷനുമുന്നിലാണ് പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ. യൂണിറ്റിന്റെ പ്രവര്‍ത്തനസമയം ഇങ്ങനെയാണ്. കണ്‍ട്രോള്‍ റൂമില്‍ 1515 എന്ന നമ്പറുണ്ട്. ഇപ്പോള്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ കണ്ണൂര്‍ കണ്‍ട്രോള്‍ റൂമിലാണ് കിട്ടുക. അവിടുന്ന് വിവരം കാസര്‍കോടേക്ക് ഉടന്‍ നല്‍കും. എവിടെയാണോ സഹായം വേണ്ടത് അവിടേക്ക് പിങ്ക് പൊലീസ് കുതിച്ചെത്തും. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ വനിത ഹെല്‍പ്‌ലൈന്‍ മ്പമ്പറായ 1091 ല്‍ സഹായങ്ങള്‍ക്ക് വിളിക്കാം. 
രാവിലെ എട്ടിന് പിങ്ക് പൊലീസ് വാഹനം നിരത്തിലിറങ്ങുകയായി. സാരഥിയായി ഒന്നുകില്‍ ബിന്ദു അല്ലെങ്കില്‍ സരാവതിയാകും സീറ്റില്‍. എസ്‌ഐമാരിലൊരാള്‍ സംഘത്തെ നയിച്ച് വണ്ടിയിലുണ്ടാകും. കൂടെ സിവില്‍ പൊലീസ് ഓഫീസര്‍മാരും. 10 കഴിയുംവരെ നഗരത്തിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകള്‍ക്കു മുന്നിലൂടെയാകും യാത്ര. കുട്ടികള്‍ക്കു വഴിക്കണ്ണുമായി സുരക്ഷയൊരുക്കിയുള്ളതാണ് ഈ യാത്ര.  പിന്നീട് ബസ് സ്റ്റാന്‍ഡില്‍, റെയിൽവേ സ്‌റ്റേഷനില്‍, നഗരത്തിലെ തിരക്കേറിയയിടങ്ങളില്‍, ഇടവഴികളില്‍.. പിങ്ക് പൊലീസ് സദാജാഗ്രതോടെയുണ്ടാകും. 
ഒരു മാസം ആകുന്നതേയുള്ളു എങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന വിളികളുടെ എണ്ണം കൂടുതലാണ്. വിളികള്‍ക്കു പുറകേ സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പൊലീസ് പട്രോളിങ് തുടരുകയാണ്. കാസര്‍കോട് സബ് ഡിവിഷന്‍ പരിധിയിലാണ് ഇപ്പോള്‍ ജില്ലയില്‍ പിങ്ക് പൊലീസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. വൈകാതെ കാഞ്ഞങ്ങാട്ടും തുടങ്ങും. 
 
 
പ്രധാന വാർത്തകൾ
Top