19 October Friday
ഉദ്ഘാടനം നാളെ

അനന്ത സാധ്യതകള്‍ തുറന്നിട്ട് കായല്‍ ടൂറിസം പദ്ധതി

സ്വന്തം ലേഖകന്‍Updated: Wednesday Jan 10, 2018

കരുനാഗപ്പള്ളി വട്ടക്കായല്‍

 കരുനാഗപ്പള്ളി > കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട് വിപുലമായ കായല്‍ ടൂറിസം പദ്ധതിക്ക് വ്യാഴാഴ്ച കരുനാഗപ്പള്ളിയില്‍ തുടക്കമാവും. നഗരസഭയും ടൂറിസം വകുപ്പും ഡിടിപിസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പകല്‍ മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും. 

പള്ളിക്കലാറിന്റെയും കന്നേറ്റിക്കായലിന്റെയും സൌന്ദര്യവും വട്ടക്കായലിന്റെ മനോഹാരിതയും ആസ്വദിക്കാനുള്ള ജലവിനോദയാത്രാ സൌകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഇതിനായി സഫാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിവയിലൂടെ ബോട്ടിങിനുള്ള സൌകര്യവും അനുബന്ധ സൌകര്യങ്ങളും മുഴുവന്‍ സമയവും ലഭ്യമാക്കും. ആവശ്യാനുസരണം ഹൌസ് ബോട്ടിന്റെ സേവനവും ഡിടിപിസി ലഭ്യമാക്കും. കന്നേറ്റി ജലോത്സവ പവിലിയന്‍ കേന്ദ്രീകരിച്ചായിരിക്കും സംവിധാനങ്ങള്‍ ഒരുക്കുക. ടൂറിസം വകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച ശ്രീനാരായണ ജലോത്സവ പവലിയനും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ദേശീയ പാതയോരത്തെ കന്നേറ്റി കായലില്‍ നിന്നും വട്ടക്കായല്‍ വഴി അന്താരാഷ്ട്ര തലത്തില്‍ റാംസര്‍സൈറ്റ് ആയി ഉയര്‍ത്തിയിട്ടുള്ള അഷ്ടമുടിക്കായലിലേക്കും ടി എസ് കനാല്‍ വഴി ടൂറിസ്റ്റ് കേന്ദ്രമായ ആലുംകടവിലേക്കും അഴീക്കലേക്കും കായല്‍ ടൂറിസത്തിന്റെ വാതായനം തുറക്കുക എന്നതാണ് ലക്ഷ്യം. അമൃതപുരി, ആയിരംതെങ്ങിലെ കണ്ടല്‍ പാര്‍ക്ക്, ഫിഷ് ഫാം എന്നിവയിലേക്കും ടൂറിസത്തിന്റെ പാതയൊരുക്കാനാവും. ആലുംകടവിലുള്ള ഡിടിപിസിയുടെ ഗ്രീന്‍ ചാനല്‍ റിസോര്‍ട്ട് ഇടത്താവളമായി ഇതിനായി ഉപയോഗപ്പെടുത്തി വികസിപ്പിക്കാനാകും. ഈ പദ്ധതി വികസിക്കുന്നതോടെ കരുനാഗപ്പള്ളി ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തപ്പെടും. ഇതിന് സഹായമായ ടൂറിസം പരിപാടികളും ഇതോടൊപ്പം നഗരസഭ ലക്ഷ്യമിടുന്നു. ഇതു സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനൊരുങ്ങുകയാണ് നഗരസഭാ അധികൃതര്‍.
ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ കെ സോമപ്രസാദ്, കെ സി വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഡിടിപിസി സെക്രട്ടറി സി സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top