15 November Thursday

ഡീസല്‍ പ്രതിസന്ധി വരുമാനം ഇടിയാതെ സർവീസ് കുറച്ച് കെഎസ്ആര്‍ടിസി

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

 

 
മലപ്പുറം
സർവീസുകൾ വെട്ടിക്കുറച്ചും നിയന്ത്രിച്ചും ഡീസൽക്ഷാമം നേരിടാൻ കെഎസ്ആർടിസി. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ 20 ശതമാനത്തോളം സർവീ സുകളെയാണ് നിയന്ത്രണം ബാധിച്ചത്. എന്നാൽ ഇതുമൂലം കാര്യമായ വരുമാനനഷ്ടം ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. വരുമാനം കുറഞ്ഞതും ആളില്ലാത്തതുമായ സർവീസുകളാണ് വെട്ടിക്കുറച്ചവയിൽ ഏറെയും. സർവീസുകൾ ശാസ്ത്രീയമായി പുനഃക്രമീകരിച്ചതിനാലാണ് വരുമാനനഷ്ടവും യാത്രാക്ലേശവും ഒട്ടൊക്കെ പരിഹരിക്കാനായതെന്നും അധികൃതർ പറഞ്ഞു. ദീർഘദൂര സർവീസുകൾ റദ്ദുചെയ്യാതെ കനത്ത നഷ്ടമുള്ള ചെയിൻ സർവീസുകൾ ഒഴിവാക്കിയാണ് പുതിയ ക്രമീകരണം. 
ആളിലാത്ത ട്രിപ്പുകൾമാത്രം മുടക്കുന്ന രീതിയാണ് ആദ്യം പരീക്ഷിച്ചത്. എന്നാൽ അതുകൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കാനായില്ല.  മലപ്പുറം ഡിപ്പോയിൽമാത്രം കഴിഞ്ഞ ദിവസം എട്ട് സർവീസുകൾ ഒഴിവാക്കി. ഇതിൽ നാലെണ്ണം തിരൂർ മഞ്ചേരി റൂട്ടിലാണ്. തൃശൂർ‐കോഴിക്കോട്, കോഴിക്കോട് ‐പാലക്കാട് റൂട്ടിൽ വരുമാനം തീരെ കുറഞ്ഞ ഒാരോ സർവീസുകൾ റദ്ദാക്കി. ആളുകുറഞ്ഞ മറ്റ് രണ്ട് ലോക്കൽ സർവീസും ഒഴിവാക്കിയതിൽപ്പെടും. ആദ്യ ദിവസങ്ങളിൽ മലപ്പുറം‐പൊന്നാനി ഡിപ്പോകളിൽനിന്നുള്ള 14 മഞ്ചേരി പൊന്നാനി ചെയിൻ സർവീസുകൾ തിരൂർവരെയാക്കി. പെരിന്തൽമണ്ണയിൽനിന്ന് എട്ട് സർവീസുകൾ പുനഃക്രമീകരിച്ചു. 
കഴിഞ്ഞ ദിവസം പൊന്നാനിയിൽനിന്നുള്ള  ഗുരുവായൂർ, മൈസൂരു, പാലക്കാട്, ഷൊർണൂർ തുടങ്ങി അഞ്ച് സർവീസുകൾ നിർത്തിവച്ചു. എന്നാൽ നെടുമ്പാശേരി സർവീസ് വീണ്ടും പൊന്നാനിവഴിയാക്കാൻ തീരുമാനമായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുമായി സംസാരിച്ചാണ് ഇക്കാര്യം പരിഹരിച്ചത്. നേരത്തെയുണ്ടായിരുന്ന നെടുമ്പാശേരി സർവീസ് പൊന്നാനിയെ ഒഴിവാക്കി എടപ്പാൾ വഴിയാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 
കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് എണ്ണ കമ്പനികൾ കെഎസ്ആർടിസിക്ക് നൽകുന്ന ഡീസലിന്റെ അളവുകുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. 
ജില്ലക്കകത്തും പുറത്തുമുള്ള പമ്പുകളിൽനിന്ന‌് ഡീസൽ വീതിച്ചെടുത്താണ് സർവീസുകൾ പലതും നടത്തുന്നത്. പ്രതിദിനം ഓടുന്ന ദൂരവും ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ക്വോട്ടയും കുറച്ചിട്ടുണ്ട്. 19,000 കിലോമീറ്റർ ഓടുന്ന  മലപ്പുറം ഡിപ്പോയിൽ ഇപ്പോഴത് 15,800 ആയി കുറഞ്ഞു. 4500 മുതൽ 5000 ലിറ്റർവരെ ഉണ്ടായിരുന്ന ഇന്ധന ഉപയോഗം 3800 ആയി. 
ബസ് ടെർമിനൽ നിർമാണം നടക്കുന്നതിനാൽ പമ്പ് പൊളിച്ചുമാറ്റിയതിനാൽ മലപ്പുറം ഡിപ്പോയിലെ ബസുകൾ മറ്റ് ഡിപ്പോകളിൽനിന്നാണ് ഡീസൽ നിറയ്ക്കുന്നത്. 
പ്രതിസന്ധിക്കിടയിലും പ്രളയകാലത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കടക്കം സർവീസ് നടത്തി കെഎസ്ആർടിസി ജനങ്ങൾക്കൊപ്പംനിന്നു. വെള്ളം കയറിയതും തകർന്നതുമായ റൂട്ടുകൾ ഒഴിവാക്കി ചുറ്റിവളഞ്ഞാണ് പല സർവീസും നടത്തിയത്. പ്രളയകാലത്ത് രക്ഷപ്രവർത്തനത്തിനെത്തിയ സേനാവിഭാഗത്തിന് സഞ്ചരിക്കാനും ബസുകൾ നൽകിയിരുന്നു.
പ്രധാന വാർത്തകൾ
Top