19 November Monday

ദുരിതാശ്വാസനിധി പാട്ടുപാടി പണം സമാഹരിച്ച‌് കൊണ്ടോട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

കൊണ്ടോട്ടി
പ്രളയം നാശംവിതച്ച ദുരന്തത്തിൽനിന്ന‌് കേരളത്തെ കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് അവർ പാട്ടുപാടി പണം പിരിച്ചു. പാട്ടിന്റെ പാരമ്പര്യമുള്ള കൊണ്ടോട്ടിയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു സാമ്പത്തിക സമാഹരണം. സാക്ഷരതാദിനമായ ശനിയാഴ‌്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ അവർ പാടി. കൊണ്ടോട്ടി ബസ‌്സ‌്റ്റാൻഡിൽ നടന്ന ‘ആർക്കും പാടാം’ പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് ഗായകരെത്തി.
പുലിക്കോട്ടിൽ ഹൈദർ എഴുതിയ 1961ലെ മഹാപ്രളയത്തെപ്പറ്റിയുള്ള വെള്ളപ്പൊക്കമാലകളുടെ ആലാപനത്തോടെയാണ‌് തുടങ്ങിയത‌്. ഫൈസൽ  എളേറ്റിലും തീർഥയുമാണ‌് വെള്ളപ്പൊക്കമാല ആലപിച്ചത‌്. മലബാറിലുണ്ടായ ഒരു വെള്ളപ്പൊക്കത്തെക്കുറിച്ച‌് പഴയകാല ദൃക‌്സാക്ഷിയായ കൊണ്ടോട്ടിയിലുണ്ടായിരുന്ന തോട്ടോളി മുഹമ്മദ‌് മൈസൂരുവിലുള്ള സുഹൃത്തിന‌് കത്ത‌് പാട്ടിലൂടെ അറിയിക്കുന്ന ഗാനവും കലാ ആസ്വാദകർക്ക‌് മുമ്പിൽ പാടിയതും കൗതുകമുണർത്തി.
ആരും ക്ഷണിക്കാതെയാണ‌് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് ഗായകരും പക്കമേളക്കാരും എത്തിയത‌്. ഗായകൻ  മണ്ണൂർ പ്രകാശുമെത്തി. മണ്ഡലത്തിൽനിന്ന‌് 16 ക്ലബ്ബുകളെത്തി.  കൊണ്ടോട്ടി റോട്ടറി ക്ലബ‌് പ്രൊഫഷണൽ ഗാനമേളതന്നെ അവതരിപ്പിച്ചു. ഇശൽ ചക്രവർത്തി മഹാകവി മോയിൻകുട്ടി വൈദ്യരുടെ നാട്ടിൽനിന്ന‌് ഇശലിന്റെ താളത്തിൽ നൽകിയ ഈ കൈത്താങ്ങ‌് ചരിത്രമാകും.
പരിപാടി ടി വി ഇബ്രാഹിം എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. യു കെ മമ്മദിശ അധ്യക്ഷനായി. അക്കാദമി ചെയർമാൻ ടി കെ ഹംസ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ഫാത്തിമ മണ്ണറോട്ട‌്, അക്കാദമി സെക്രട്ടറി റസാഖ‌്  പയമ്പ്രോട്ട‌്, കെ വി അസ‌്കറലി, ഇ എം റഷീദ‌്, പാറപ്പുറം അബ്ദുറഹിമാൻ, സറീന ഹസീബ‌്, അഷ‌്റഫ‌് മടാൻ, പുലത്ത‌് കുഞ്ഞു, അബ്ദുള്ളക്കുട്ടി അരീക്കോട‌് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top