19 November Monday

അമ്പമ്പോ...ഇതെന്തൊരു മീശ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

രാംസിങ്‌ ചൗഹാൻ മീശ പ്രദർശിപ്പിച്ചപ്പോ

 

കോട്ടയം
ഇതൊരു ഒന്നൊന്നര മീശ തന്നെ..എങ്ങനെയിത‌് കൊണ്ടുനടക്കുന്നുവെന്നായിരുന്നു  കാഴ‌്ചക്കാർക്ക‌് അറിയേണ്ടിയിരുന്നത‌്. തുറന്ന ജീപ്പിൽ രാജകീയവേഷത്തിൽ തലപ്പാവും ധരിച്ചെത്തിയ രാംസിങ‌്ചൗഹാൻ  വേദിയിലെത്തി കഴുത്തിൽ ചുറ്റിയിരുന്ന ഷാളിനുള്ളിൽ നിന്നും തന്റെ ‘പെരിയ മീശ’ പുറത്തെടുത്തതോടെ കാണികളുടെ കണ്ണുതള്ളി. 19 അടി നീളമുള്ള  മീശ കണ്ടതിന്റെ അമ്പരപ്പ‌്. 
ലോകത്തിലെ ഏറ്റവും നീളംകൂടിയ മീശക്കാരനെന്ന ലോകറെക്കോഡിന‌് ഉടമയായ രാജസ്ഥാനിലെ ജയ‌്പൂർ സ്വദേശി രാംസിങ‌് ചൗഹാൻ കോട്ടയം കുടയംപടി തിരുവാറ്റയിലെ ഹെയർ സ‌്റ്റൈലിങ‌് സ്ഥാപനത്തിന്റെ ഉദ‌്ഘാടന ചടങ്ങിൽ വിശിഷ‌്ടാതിഥിയായി എത്തിയതായിരുന്നു. 1970 ൽ തുടങ്ങിയ മീശവളർത്തലാണ‌് 2010 ൽ ഇദ്ദേഹത്തെ ലോകറെക്കൊഡിന‌് ഉടമയാക്കിയത‌്. ആ സമയത്ത‌് 14 അടിയായിരുന്നു മീശയുടെ നീളം. ഏഴുവർഷം കൂടി പിന്നിട്ടപ്പോൾ മീശ പിന്നെയും വളർന്ന‌് 19 അടിയായി.
ശനിയാഴ‌്ച മാധ്യമപ്രവർത്തകരുടെ ആവശ്യം പരിഗണിച്ച‌് തുണി ചുറ്റിയനിലയിൽ മീശ പ്രദർശിപ്പിച്ചെങ്കിലും കട ഉദ‌്ഘാടനവേളയിലാണ‌് കഴുത്തിൽ ഷാളിനുള്ളിൽ ചുറ്റി സംരക്ഷിച്ചിരുന്ന മീശ പൂർണരൂപത്തിൽ ജനങ്ങൾക്കു മുൻപിൽ പ്രദർശിപ്പിച്ചത‌്. മീശക്കാരനെ കാണാൻ വൻ ജനാവലി എത്തിയിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top