24 September Monday

ജപ്പാനെ തകർത്തു; കരാട്ടെയിൽ ഗിന്നസ് റെക്കോഡിട്ട് തലസ്ഥാനത്തിന്റെ പെൺപട

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018

 

 
തിരുവനന്തപുരം > ലോക വനിതാദിനത്തിൽ 'ജപ്പാനെ തകർത്ത്' തിരുവനന്തപുരത്തിന്റെ പെൺപട ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 5732 ഹൈസ്കൂൾ വിദ്യാർഥിനികൾ അണിനിരന്ന കരാട്ടെ പ്രദർശനമാണ് റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. റെക്കോഡ് ബുക്കിൽ മാഞ്ഞത് ജപ്പാനിൽ 3973 പേർ ഒരുമിച്ച് നടത്തിയ പ്രകടനം.
അതിക്രമങ്ങളെ പ്രതിരോധിക്കാനും ആത്മവിശ്വാസം വളർത്താനും സ്കൂൾ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകാൻ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച 'രക്ഷ' പദ്ധതിയിലെ ചുണക്കുട്ടികളുടേതായിരുന്നു പ്രകടനം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ കാണികൾക്കും വിശിഷ്ടാതിഥികൾക്കും ത്രസിപ്പിക്കും നിമിഷങ്ങൾ സമ്മാനിച്ചാണ് റെക്കോഡിലേക്ക് ചുവടുവച്ചത്. 'സ്ത്രീശക്തി അജയ്യശക്തി' എന്ന വിളംബരവുമായി ആത്മവിശ്വാസം സ്ഫുരിക്കും മുഖവുമായി ഒരേവേഷത്തിൽ ഒറ്റമനസ്സോടെ സ്റ്റേഡിയത്തിൽ വിദ്യാർഥിനികൾ എത്തിയതോടെ ആകാംക്ഷ ഉയർന്നു. പ്രോത്സാഹനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ എത്തി. പരിശീലകൻ വിനോദ്കുമാറിന്റെ നിർദേശവാക്കുകൾ ഉയർന്നതോടെ എതിരാളികളെ നിലംപരിശാക്കാൻ പ്രാപ്തമായ മിന്നൽച്ചുവടുകളോടെ  പ്രകടനത്തിന് തുടക്കം. ഗിന്നസ് റെക്കോഡ് ഉറപ്പിച്ച് നിശ്ചിതസമയത്തിനകം പ്രകടനം പൂർത്തിയായി. തുടർന്ന് ഔദ്യോഗികപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ്. ഗിന്നസ് പ്രതിനിധി ഇറ്റലിക്കാരി ലുസിയ റെക്കോഡ് പ്രഖ്യാപിച്ചപ്പോൾ സ്റ്റേഡിയത്തിൽ മുഴങ്ങി കരഘോഷം. ആഹ്ലാദനൃത്തം ചവിട്ടി വിദ്യാർഥികൾ. ഇതാദ്യമായാണ് സംസ്ഥാനത്ത് സർക്കാർരംഗത്തെ സ്ഥാപനം ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നത്.
പ്രധാന വാർത്തകൾ
Top