22 June Friday

മണ്ണിൽ മജിലയുടെ 'മാജിക്'

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
പൊന്നാനി > മണ്ണിന്റെ മണമറിഞ്ഞ് പാടത്തിറങ്ങിയാൽ പൊന്ന് കിട്ടും എന്ന് സാക്ഷ്യപ്പെടുത്തുകയാണ് മജില. ആത്മാർഥതയും കഠിനാധ്വാനവും കൈമുതലാക്കി കൃഷിയിറക്കിയപ്പോൾ വിജയം കൂടെപ്പോന്നു. 
  നെയ്തല്ലൂർ മെഴിക്കുളങ്ങര വീട്ടിൽ മജിലക്ക് കൃഷിയെപ്പറ്റി നഷ്ടക്കണക്ക് പറയാനില്ല. നെല്ലും പച്ചക്കറിയും നൂറുമേനി വിളവ്. ഉമ, മുണ്ടകൻ എന്നീ നെല്ലിനങ്ങളാണ് കൃഷിയിറക്കിയത്. പിന്നെ, പുഞ്ചകൃഷിയും. ആറര ഏക്കറിലാണ് ഇത്തവണ മുണ്ടകൻ കൃഷി ചെയ്തത്. അതിൽ രണ്ടര ഏക്കർ തരിശ് ഭൂമിയും. കൊയ്തെടുത്തത് 2000 കിലോ നെല്ല്. 
  ചെറുപ്പത്തിലേ കൃഷിയോട് അടുപ്പംപുലർത്തിയിരുന്നു മജില. പിന്നീടത് ശീലമായി. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. രാവിലെ അഞ്ചിന് പാടത്തേക്കിറങ്ങും. കൂട്ടിന് സ്കൂൾ വിദ്യാർഥി മകൾ നയനയും. ഉമ്മയുടെ ഊർജം ഉൾക്കൊണ്ട്  നയന  പൊന്നാനി ഗേൾസ് ഹൈസ്കൂളിൽ പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നു.  കൊയ്തെടുത്ത നെല്ലുകൾ കുത്തി അരിയാക്കിമാറ്റി മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വരുമാനത്തിന്റെ തോത് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മജില. ഇതിനായി സ്നേഹ സംഘകൃഷി ഗ്രൂപ്പിന് രൂപംനൽകി. കൊയ്ത്ത് കഴിഞ്ഞ പാടത്തെ വൈക്കോൽ സമൂഹ്യവിരുദ്ധർ കത്തിച്ചതിനാൽ ഇവർക്ക് 25,000 രൂപയുടെ നഷ്ടമാണ് നേരിട്ടത്.
കൃഷിയെ ജീവശ്വാസംപോലെ കൊണ്ടുനടക്കുമ്പോഴും അധ്വാനമാണ് ജീവിതം എന്ന് പഠിപ്പിച്ച തൊഴിലുറപ്പ് തൊഴിലിലും സജീവമാണ്. കുടുംബശ്രീയുടെയും തൊഴിലുറപ്പിന്റെയും സെക്രട്ടറിയായ മജില സാമൂഹ്യപ്രവർത്തകകൂടിയാണ്.
 ഹരിത കർമ സേനയുടെ ജില്ലാ ട്രെയിനറുമാണ്. അമിതലാഭം നോക്കാതെ ജൈവ അരി വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്നേഹ സംഘകൃഷിയിലൂടെ വിറ്റഴിക്കാനും തയ്യാറെടുക്കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top