Top
18
Monday, December 2017
About UsE-Paper

ആരാധനയുടെ ഭാഗമായി വര്‍ഗീയത ഉയര്‍ത്താന്‍ ശ്രമം: മുഖ്യമന്ത്രി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


വടകര > ആരാധനയുടെ ഭാഗമായി വര്‍ഗീയത ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ പരിശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആരാധനയിലൂടെ മാനസികമായി ലഭിക്കുന്ന പ്രത്യേകതകളുണ്ട്. എന്നാല്‍ അതിലപ്പുറം, ആരാധിക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിക്കരുത്. ആരാധനാ മൂര്‍ത്തിക്ക് അത് ചെയ്തുകൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ആരാധനയിലൂടെ രോഗം ഭേദമാകുമെന്ന് പ്രതീക്ഷിക്കരുത്. അതിന് ശാസ്ത്രീയമായ സമീപനമുണ്ടാകണം. ഇത്തരത്തില്‍ രോഗ ചികിത്സക്ക് ആയുര്‍വേദ- ആലോപ്പതി വിഭാഗങ്ങളായി ഇവിടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്്. മനുഷ്യത്വപരമായ പ്രവൃത്തികള്‍ ചെയ്യുന്ന ഒട്ടേറെ ആരാധനാലയങ്ങളുണ്ട്. അതുകൊണ്ട് അവയുടെ മഹത്വം കൂടുന്നേയുള്ളൂ. ആരാധനാലയങ്ങളില്‍ മതനിരപേക്ഷതയാണ് വലിയ പ്രത്യേകത. ഏത് ആരാധനാലയവും പൊതുവെ മനുഷ്യര്‍ക്കുള്ളതാണ്. മത നിരപേക്ഷതയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തുകോടി രൂപ ചെലവഴിച്ച് യുഎല്‍സിസിയാണ് കല്ല്യാണ മണ്ഡപം പണികഴിപ്പിച്ചത്്. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മതനിരപേക്ഷതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതാണ് കല്ലേരി ക്ഷേത്രത്തിന്റെ സവിശേഷതയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍  പറഞ്ഞു. ആരാധനാലയങ്ങള്‍ ജനനന്മക്ക് ഉപയോഗിക്കുന്നതില്‍ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം നാടിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കെ എം അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ എം നഷീദ, ജില്ലാ പഞ്ചായത്തംഗം ടി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. ടി പി ദാമോദരന്‍ സ്വാഗതവും എം അനീഷ് നന്ദിയും പറഞ്ഞു.