16 October Tuesday

കുതിപ്പിനൊരുങ്ങി കണ്ണൂര്‍ കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 കണ്ണൂര്‍ > കണ്ണൂര്‍ കോര്‍പറേഷന്റെ അടിസ്ഥാനസൌകര്യ വികസനത്തിന് കരുത്തേകാന്‍ 225.7 കോടിയുടെ അമൃത് പദ്ധതി. 2015 മുതല്‍ മൂന്നു വാര്‍ഷികപദ്ധതികളിലായാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. കോര്‍പറേഷനെ അലട്ടുന്ന മാലിന്യപ്രശ്നത്തിനും കുടിവെള്ളവിതരണ രംഗത്തെ പോരായ്മകള്‍ക്കുമാണ് ശാശ്വതപരിഹാരമാവുന്നത്. 2020നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ക്ക് ഭരണാനുമതിയായി.  

മാലിന്യം നീക്കം ചെയ്യല്‍, കുടിവെള്ളവിതരണം, വിശ്രമത്തിനും വിനോദത്തിനുമായി പാര്‍ക്കുകള്‍ നിര്‍മിക്കല്‍, വാഹന പാര്‍ക്കിങ് സൌകര്യം എന്നിവയ്ക്കായി വിപുലമായ പദ്ധതികള്‍ക്കാണ് നഗരസഭ രൂപം നല്‍കിയത്. ഇതില്‍ 22 പദ്ധതികള്‍ക്കാണ്  ഭരണാനുമതി.  
കുടിവെള്ളത്തിന് മാത്രമായി നൂറുകോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. പിഡബ്ള്യുഡി ഇതിനായി തയ്യാറാക്കിയ ഡിപിആര്‍ അംഗീകരിച്ചു. പഴയ നഗരസഭയുടെ പരിധിക്ക് പുറത്തുള്ള എളയാവൂര്‍, എടക്കാട്, പള്ളിക്കുന്ന്, പുഴാതി സോണുകളില്‍ പുതിയ പൈപ്പ്ലൈനും പഴയവ മാറ്റാനുമായി 7.5കോടി രൂപയാണ് അനുമതി. പട്ടുവത്തെ ജിക്കയുടെ കുടിവെള്ള സംഭരണിയില്‍നിന്ന് വെള്ളമെത്തിക്കാന്‍ ധര്‍മശാലയില്‍നിന്ന് പൈപ്പ്ലൈന്‍ ഇടുന്നതിന് 23.5 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. പഴശ്ശിയില്‍ ഇപ്പോള്‍ 30 എംഎല്‍ഡിയുടെ ട്രീറ്റ്മെന്റ് പ്ളാന്റാണ് നിലവിലുള്ളത്. ഇതിന്റെ സംഭരണശേഷി 40 എംഎല്‍ഡിയായി ഉയര്‍ത്തുന്നതിന് പത്തുകോടി രൂപയും വകയിരുത്തി. കുടിവെള്ളപദ്ധതി പൂര്‍ത്തിയാകുന്നതോടെ 24 മണിക്കൂറും കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ളം ലഭിക്കും.
മലിനജലവും കക്കൂസ് മാലിന്യവും കൃത്യമായി കൈകാര്യംചെയ്യുന്നതിന് രണ്ടു പദ്ധതികളാണ് സമര്‍പ്പിച്ചത്. ദ്രവമാലിന്യ സംസ്കരണത്തിന് മാത്രമായി 5.23 കോടി രൂപയാണ് വകയിരുത്തിയത്. കിണറുകളിലെ ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമയി വര്‍ധിക്കുകയാണ്. ഇതിന് പരിഹാരമായി കോര്‍പറേഷന്‍ പരിധിയിലെ വീടുകളിലെ സെപ്റ്റിക് ടാങ്ക് രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംസ്കരിക്കുന്ന പദ്ധതിയുമുണ്ട്. ഇതിനായി മൂന്നുകോടി രൂപ ചെലവഴിച്ച് 100 എംഎല്‍ഡി ശേഷിയുള്ള സംസ്കരണപ്ളാന്റ് സ്ഥാപിക്കും. കക്കൂസ് മാലിന്യം പ്ളാന്റിലേക്ക് എത്തിക്കുന്നതിന് 5,000 ലിറ്റര്‍ സംഭരണശേഷിയുള്ള മൂന്നു വണ്ടികളും 2,000 ലിറ്റര്‍ സംഭരണശേഷിയുള്ള നാല് വണ്ടികളും കോര്‍പറേഷന്‍ പ്രത്യേകം വാങ്ങും. ദുര്‍ഗന്ധം പോകാതെ വായുസഞ്ചാരമില്ലാതാക്കിയാണ് പ്ളാന്റിന്റെ പ്രവര്‍ത്തനം. മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന മാതൃകയെ പിന്‍പറ്റിയാണ് കണ്ണൂര്‍ കോര്‍പറേഷനും നൂതനപദ്ധതിയുമായി രംഗത്തുവന്നത്. സമീപ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഈ പ്ളാന്റ് പ്രയോജനപ്പെടുത്താം.  
ഹോട്ടലുകളില്‍നിന്ന് മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് പതിവാണ്. ഇതാണ് പലപ്പോഴും മഴക്കാലത്ത് കോര്‍പറേഷന് ഏറെ പഴികേള്‍ക്കാനിടയാക്കുന്നത്. ഇതിനും സമൂലമായ പരിഹാരമാണ് പുതിയ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായി പ്രധാന റോഡുകളിലെ ഓടകളില്‍ ഹോട്ടലുകളില്‍നിന്നുള്ള മലിനജലം ഒഴുക്കുന്നതിനായി പ്രത്യേക പൈപ്പ്ലൈന്‍ സ്ഥാപിക്കും. ഈ ജലത്തിന്റെ കണക്കിന് അനുസൃതമായി ഹോട്ടലുകളില്‍നിന്ന് ചാര്‍ജ് ഈടാക്കും. ഈ ജലം ശുദ്ധീകരണശാലയിലേക്ക് എത്തിക്കും. ഇതിനായി രണ്ട് പ്ളാന്റുകള്‍ സ്ഥാപിക്കും. ഒന്ന് പടന്നപ്പാലത്തും മറ്റൊന്ന് യൂണിവേഴ്സിറ്റി പരിസരത്തും സ്ഥാപിക്കാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ സര്‍വേ പുരോഗമിക്കുകയാണ്. 
മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തടയുന്നതിന് ഓടകള്‍ കൃത്യമായി പരിപാലിക്കുന്നതിന് മൂന്ന് പ്രോജക്ടുകളാണ് തയ്യാറാക്കിയത്. ഇതിനായി 39.6 കോടി രൂപ വകയിരുത്തി. മഴവെള്ളം കടലിനുള്ളിലേക്ക് ഒഴുക്കുന്ന വിധത്തിലാണ് ഓടനിര്‍മാണം. ഇതിനായി ഹാര്‍ബര്‍ എന്‍ജിനിയറിങ്ങിന്റെ സഹായവും തേടും. നഗര ഗതാഗതം കാര്യക്ഷമമാക്കാനായി 7.41കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഫുട്പാത്തും സൈക്കിള്‍ പാതയും ഉള്‍പ്പെടും. 
മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്ങിനായി ഒരേ സമയം 186 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ള ആറ് യൂണിറ്റ് നഗരത്തില്‍ സ്ഥാപിക്കും. 9.34 കോടി രൂപയാണ് പദ്ധതി. ഏഴ് പാര്‍ക്കുകള്‍ നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി 4.6 കോടിരൂപയാണ് വകയിരുത്തിയത്. ഇതില്‍ 1.2 കോടി രൂപ ചെലവഴിച്ചാണ് ചേലോറ പാര്‍ക്ക് നിര്‍മിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലത്ത് ജോഗിങ്ങിനായി ട്രാക്ക്, കുട്ടികള്‍ക്ക് റോഡ് സുരക്ഷാ നിയമങ്ങള്‍ പഠിപ്പിക്കുന്നതിന് ട്രാഫിക് പാര്‍ക്ക്, ആംഫി തിയേറ്റര്‍, പൂന്തോട്ടം എന്നിവയും നിര്‍മിക്കും. എസ്എന്‍പാര്‍ക്ക്, രാജേന്ദ്രപാര്‍ക്ക്, കാപ്പാട് ശിശുമന്ദിരം, ആനക്കുളം, പയ്യാമ്പലം, അവേര ഗ്രാമമന്ദിരം എന്നിവയാണ് നവീകരിക്കുന്ന മറ്റു പാര്‍ക്കുകള്‍.  
കോര്‍പറേഷന്റെ മുഖച്ഛായ മാറ്റുന്ന 23 പദ്ധതികളാണ് തയ്യാറാക്കിയത്. ഇത് 2020നുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷന്‍ ആസൂത്രണം ചെയ്യുന്നത്. പുതിയ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന്  മേയര്‍ ഇ പി ലത പറഞ്ഞു.
പ്രധാന വാർത്തകൾ
Top