18 November Sunday

ആര്യശ്രീക്ക്‌ സിപിഐ എം വീടൊരുക്കും

സ്വന്തം ലേഖകൻUpdated: Saturday Sep 8, 2018
നീലേശ്വരം
ഒടുവിൽ ഒരു വീടെന്ന സ്വപ്‌നത്തിലേക്ക്‌ നടന്നടുക്കുകയാണ്‌ ആര്യശ്രീ. ദേശീയ ഫുട്ബോൾ താരം ആര്യശ്രീക്ക് സിപിഐ എം നേതൃത്വത്തിൽ വീട് നിർമിക്കും.  ദേശീയതാരത്തിന്റെ ദുരിത ജീവിതത്തെ കുറിച്ച്‌ ദേശാഭിമാനി  കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സിപിഐ എം നീലേശ്വരം ലോക്കൽ കമ്മിറ്റി ആര്യശ്രിയുടെ കുടുംബത്തിന് നീലേശ്വരം രാങ്കണ്ടത്ത് വീട് നിർമിച്ചുനൽകുന്നത്‌. 
 സന്തോഷ വാർത്ത അറിയിക്കാൻ  സിപിഐ എം ലോക്കൽ സെക്രട്ടറിയും  പ്രവർത്തകരും കഴിഞ്ഞദിവസം ആര്യശ്രീയുടെ വീട്ടിലെത്തി. കക്കാട്ട് ഗവ.ഹയർ സെക്കൻഡറി  സ്‌കൂളിലെ  പത്താം തരം  വിദ്യാർഥിനിയാണ്. 15 വയസിന് താഴെയുള്ള ഇന്ത്യൻ വനിതാ ടീമിലെ ഒരേയൊരു മലയാളിയാണ് ആര്യശ്രീ. അമ്മ ശാലിനിക്ക് കൂലിപ്പണിയും അച്ഛന് ലോട്ടറി വിൽപ്പനയുമാണ് പണി. ഒരനുജനു മുണ്ട്. നിർധന കുടുംബമായ ഇവർ ആസ്ബസ്റ്റോസിട്ട  അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. ആര്യശ്രീക്ക് കളിച്ച് കിട്ടുന്ന ഉപഹാരങ്ങൾ പോലും സൂക്ഷിക്കാൻ  ഈ വീട്ടിൽ സൗകര്യമില്ല.സാഫ്‌ ഫുട്‌ബോൾ  ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ പ്രതിരോധ നിരയിൽ കളിച്ച ആര്യശ്രീയുടെ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു. ആര്യശ്രീ ഇപ്പോൾ പരിശീലനത്തിനായി ഡൽഹിയിലാണുള്ളത്. വീട്  നിർമിക്കുന്നുണ്ട്‌ എന്നറിഞ്ഞതിന്റെ  സന്തോഷത്തിലാണിപ്പോൾ. വീട് നിർമാണ കമ്മിറ്റി  രൂപീകരണ യോഗം 16 ന് വൈകീട്ട് 4.30ന് രാങ്കണ്ടത്ത് എ കെ ജി വായനശാല പരിസരത്ത് നടക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ പങ്കെടുക്കും.

 

പ്രധാന വാർത്തകൾ
Top