19 September Wednesday
ഉപയോഗിക്കുന്നത‌് 20 ലേറെ പമ്പുകൾ

കൈനകരിയിൽ വെള്ളംവറ്റിക്കൽ: ഇംഗ്ലണ്ടിൽനിന്ന്‌ പമ്പ‌് എത്തിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 7, 2018

  ആലപ്പുഴ>കൈനകരിയിൽ പ്രളയജലം ഒഴുക്കി കളയാനുളള പ്രവർത്തനം അന്തിമഘട്ടത്തിൽ.  നിലവിൽ 20 പമ്പുസെറ്റുകൾ ഉപയോഗിച്ചാണ‌് വെള്ളം വറ്റിക്കൽ.  ഇംഗ്ലണ്ടിൽ നിന്ന‌് കൂടുതൽ പ്രവർത്തനക്ഷമതയുള്ള അഞ്ച‌്  പമ്പുകൾ കൂടി വെള്ളിയാഴ‌്ച മുതൽ ഉപയോഗിക്കും. എറണാകുളത്ത‌് എത്തിച്ച പമ്പുകൾ ഇറിഗേഷൻ എക‌്സിക്യൂട്ടീവ‌് എൻജിനീയർ ഹരൻ ബാബുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.  

ഇതിനകം അര മീറ്ററിലേറെ ജലനിരപ്പ‌് താഴ‌്ത്താനായിട്ടുണ്ട‌്.  ഇരുപതിലേറെ പാടശേഖരങ്ങളാണ‌് കൈനകരിയിലുള്ളത‌്. പാടങ്ങളെല്ലാം മടവീണ‌് വെള്ളം കയറിയതാണ‌് വീടുകളിലും കനത്ത വെള്ളപ്പൊക്കത്തിനിടയാക്കിയിരുന്നത‌്. ഈ സാഹചര്യത്തിലാണ‌് വളരെ വേഗം വെള്ളം വറ്റിക്കാനുള്ള നടപടികൾ ആരംഭിച്ചത‌്.   ബുധനാഴ‌്ച ജലസേചന മന്ത്രി മാത്യു ടി തോമസ‌് കൈനകരി സന്ദർശിച്ചു. വെള്ളത്തിൽ ഉപയോഗിക്കാവുന്ന പമ്പുകൾ എത്തിക്കുമെന്ന‌് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ജലഅതോറിറ്റിയുടെ കൈവശമുള്ള കൂറ്റൻ പമ്പുസെറ്റുകളിൽ രണ്ടെണ്ണമാണ‌് കൈനകരിയിൽ എത്തിക്കുക. തിരുവനന്തപുരത്ത‌് നിന്ന‌് ഇൗ പമ്പുസെറ്റുകളുമായി വാഹനം പുറപ്പെട്ടിട്ടുണ്ട‌്.  പാടശേഖരങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോറുകളും പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ തുടങ്ങി. 
 
 നന്നാക്കിയെടുത്ത പമ്പുകൾ ചില പാടങ്ങളിൽ പ്രവർത്തിപ്പിച്ചു.  വിദേശത്തുനിന്ന‌് ഇതിനകം എത്തിച്ച 12 പമ്പുകൾ ജങ്കാറിൽ സ്ഥാപിച്ച‌് തന്നെ പ്രവർത്തിപ്പിക്കുകയാണ‌്. ബണ്ടിൽ ഇറക്കാനും പിന്നീട‌് കയറ്റാനുമുള്ള കാലതാമസം ഒഴിവാക്കാനാണിത‌്.  കൈനകരിയെ കരകയറ്റിയശേഷം കുട്ടനാട്ടിലെ മറ്റ‌് പ്രദേശങ്ങളിലും പമ്പ‌്സെറ്റുകൾ കൊണ്ടുപോകേണ്ടതുണ്ട‌്. പാടശേഖരങ്ങൾ ഏറെയുള്ള പുളിങ്കുന്ന‌്, എടത്വ, ചമ്പക്കുളം അടക്കമുള്ള പ്രദേശങ്ങളിൽ ഇനിയും വെള്ളം ഇറങ്ങാനുണ്ട‌്. അതുകൊണ്ട‌് പരമവാധി സമയമാണ‌് വെള്ളം വറ്റിക്കൽ നടക്കുന്നത‌്.  ഈ ആഴ‌്ച തന്നെ വെള്ളം പൂർണമായി വറ്റിക്കാനാകുമെന്ന‌് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
Top