17 November Saturday

പ്രളയത്തില്‍ തകര്‍ന്ന് ഉള്‍നാടന്‍ മത്സ്യമേഖല

കെ സുരേഷ്‌കുമാര്‍Updated: Friday Sep 7, 2018

 

 
മാന്നാർ
പ്രളയം തകർത്ത‌ത‌് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവും. പ്രതിസന്ധിയിലായിരുന്ന ഉൾനാടൻ മത്സ്യമേഖലയ‌്ക്ക‌് അപ്രതീക്ഷിത തിരിച്ചടിയാണ് പ്രളയം നൽകിയത‌്.  ഉൾനാടൻ മത്സ്യബന്ധനത്തിന്റെ ജീവവായുവായിരുന്ന ചെറുവള്ളങ്ങളും നീട്ടുവലകളും കോരവലകളും  വട്ടവലയുമെല്ലാം  പ്രളയത്തിൽ ഇല്ലാതായി.  ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ആശ്രയിച്ചിരുന്ന നാട്ടുതോടുകളും ഇല്ലാതായി. ഉള്ളതിലാകട്ടെ പോളയും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് മലിനപ്പെട്ടു.  മാലിന്യം മൂടിയ ജലസ്രോതസുകളിൽ ചെറുവള്ളങ്ങളും നീട്ടുവല, കോരുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം സാഹസികമാണെന്ന് തൊഴിലാളികൾ പറഞ്ഞു. 
പുഴയും തോടും നാട്ടുതോടുകളും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി വന്നതോടെ പരമ്പഗത മത്സ്യബന്ധനത്തിന് ഗണ്യമായ കുറവുണ്ടായി. ചെന്നിത്തല, മഠത്തുംപടി, വള്ളാംകടവ്, ഇരമത്തൂർ, പറയങ്കേരി, നാമങ്കരി, ചെറുകോൽ, പ്രായിക്കര, ഉളുന്തി, എണ്ണയ‌്ക്കാട്, ബുധനൂർ, മാന്നാർ, പാവുക്കര, പാണ്ടനാട്, പുലിയൂർ മേഖലകളിലാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറെയുള്ളത്. 
  ഒരുകാലത്ത് സുലഭമായിരുന്ന കാരി, വരാൽ, മഞ്ഞക്കൂരി, പരൽ, കറുപ്പ്, ചെമ്പല്ലി മത്സ്യങ്ങൾ ഇന്ന‌് വളരെ കുറവാണ്. വർഷങ്ങൾക്ക് മുമ്പ് രാവിലെ മത്സ്യബന്ധനത്തിന് പോകുന്ന സ‌്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഉച്ചയോടുകൂടി ഒരുകുട്ട മത്സ്യം ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് മത്സ്യം തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത‌്. പ്രതിസന്ധികൾക്കിടയിലും ആയിരത്തിലധികം കുടുംബങ്ങളാണ് ഉൾനാടൻ മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. തോടുകളിലും പുഴകളിലും മത്സ്യബന്ധനം കുറഞ്ഞതോടെ സ‌്ത്രീകൾ ഒഴികെയുള്ള തൊഴിലാളികൾ കായലുകളിൽ മത്സ്യബന്ധനം തുടങ്ങി. 120 ഇനം മത്സ്യങ്ങൾ കായലിൽ ഉള്ളതായാണ് പഠന റിപ്പോർട്ട്. എന്നാൽ ചെറുവള്ളങ്ങളും വട്ടവലയും കായലിലെ മത്സ്യബന്ധനത്തിന് യോജിക്കുന്നതല്ല.  
ആന്ധ്രാ പ്രദേശത്തുനിന്നുള്ളവർ കായലിൽ മത്സ്യബന്ധനം നടത്തി വൻ നേട്ടമാണ് കൊയ്യുന്നത്. ഇവർ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള വലിയ വലകൾ ഇവിടത്തെ മത്സ്യബന്ധനത്തിന് ഏറെ യോജിച്ചതാണ്. ഉൾനാടൻ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യത്തിന് നാട്ടിൽ ആവശ്യക്കാർ ഏറെയാണ്. 
രാത്രികാലങ്ങളിൽ പാടശേഖരങ്ങളിലും തോടുകളിലും നിന്നും പിടിക്കുന്ന മത്സ്യങ്ങൾ രാവിലെ വിവിധ ലേലക്കടവുകളിൽ എത്തിക്കും. എന്നാൽ മത്സ്യബന്ധനം കുറവായതോടെ ലേലക്കടവിലും ആളില്ലാത്ത സ്ഥിതിയായി. നിരവധി പ്രതിന്ധികളിലൂടെ കടന്നുപോകുന്ന ഉൾനാടൻ മത്സ്യമേഖല  അക്ഷരാർഥത്തിൽ 
 പ്രളയത്തിൽ  തകർന്നടിയുകയായിരുന്നു.  മേഖലയിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങളുമായി ആദ്യം ഓടിയെത്തിയത് മാന്നാർ, ചെന്നിത്തല, മഠത്തുംപടി, ഇരമത്തൂർ, പള്ളിപ്പാട്, വീയപുരം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ്.  ഉൾനാടൻ മത്സ്യമേഖലയെ സംരക്ഷിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കണമെന്നാണ‌് തൊഴിലാളികൾ ആവശ്യപ്പെടുന്നത‌്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top