25 September Tuesday
ഗൃഹനാഥന്റെ കൊലപാതകം

മുൻ സൈനികന് ജീവപര്യന്തവും പിഴയും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 മാവേലിക്കര 

ഗൃഹനാഥനെ കുത്തികൊലപ്പെടുത്തിയ കേസിൽ മുൻ സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും. കായംകുളം കൃഷ്ണപുരം പുത്തൻപുര തെക്കതിൽ ശിവരാജനെയാണ് (50) മാവേലിക്കര അഡീഷണൽ ജില്ലാ ജഡ‌്ജി ജോണി സെബാസ‌്റ്റ്യൻ ശിക്ഷിച്ചത്. പിഴയൊടുക്കാത്തപക്ഷം ആറുമാസം കൂടി അധികശിക്ഷ അനുഭവിക്കണം. 
 വസ‌്തു സംബന്ധമായ തർക്കത്തെതുടർന്ന് കൃഷ്ണപുരം രാജ്ഭവനിൽ കുഞ്ഞുപിള്ളയെ (81)  കുത്തിക്കൊലപ്പെടുത്തിയ കേസിലാണ‌് വിധി. 2011 ഡിസംബർ രണ്ടിന് വൈകിട്ട് 3.30നാണ് സംഭവം. കുഞ്ഞുപിള്ളയുടെ അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കമ്പികൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുഞ്ഞുപിള്ളയുടെ വീടിനു സമീപത്തെ വഴിയിലൂടെയാണ് ശിവരാജന്റെ വീട്ടിലേക്കു പോകുന്നത്. ഈ വഴിക്കു വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സംഭവദിവസം ഇരുവരും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി. തർക്കത്തിനിടെ ശിവരാജൻ കമ്പികൊണ്ട് കുഞ്ഞുപിള്ളയെ കുത്തുകയായിരുന്നു. അസമിൽ ജോലി ചെയ്യുകയായിരുന്ന പ്രതി, സംഭവത്തിന് ഒരാഴ‌്ചമുമ്പാണ‌് അവധിക്ക് നാട്ടിലെത്തിയത്. ദൃക്‌സാക്ഷികളായിരുന്ന അയൽവാസികൾ കൂറുമാറിയ കേസിൽ കുഞ്ഞുപിള്ളയുടെ മരുമകൾ കോടതിയിൽ നൽകിയ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷവിധിച്ചത്.  
കായംകുളം പൊലീസ് രജിസ‌്റ്റർ ചെയ്ത കേസിൽ  സിഐ എ ആർ ഷാനിഖാനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ എസ് സോളമൻ, പി സന്തോഷ്, സരുൺ ഇടിക്കുള എന്നിവർ ഹാജരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top