21 November Wednesday

സ്ത്രീയും കുട്ടികളും താമസിക്കുന്ന വീടിന്റെ ജപ്തി നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018
വെഞ്ഞാറമൂട് സ്ത്രീയും കുട്ടികളും താമസിക്കുന്ന വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെതുടർന്ന് ജപ്തി നടപടികൾ ഒഴിവാക്കി ബാങ്ക് അധികൃതർ പിന്മാറി. പാങ്ങോട് ഭരതന്നൂർ കാക്കാണിക്കര കടയിൽവീട്ടിൽ ബിനുവിന്റെ ഭാര്യ ജലജയും ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികളും താമസിച്ചിരുന്ന വീടാണ് ബാങ്ക് അധികൃതർ കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ ജപ്തി ചെയ്യാനെത്തിയത്.  ജലജയുടെ ഭർത്താവ് ബിനുകുമാർ പാങ്ങോട് എസ്ബിഐ ശാഖയിൽനിന്നു പത്തുസെന്റ് പുരയിടം ഈടുവച്ച് നാലുലക്ഷം രൂപ വായ്പയെടുത്ത് വീടുവച്ചിരുന്നു. പിന്നീട് ബിനുകുമാർ വിദേശത്തേക്ക് പോയെങ്കിലും അധികനാൾ തുടരാനാകാതെ തിരിച്ചെത്തി. ഇതിനിടെ വായ്പാതവണകൾ കുടിശ്ശികയായി. അഞ്ചുവർഷം കാലാവധിയുള്ള വായ്പയിൽ രണ്ടുവർഷം മാത്രമണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. എട്ടുതവണകൾ മുടക്കമുള്ളതിനാൽ ബാങ്കിനെ സമീപിച്ച് കൂടുതൽ കാലാവധി ചോദിച്ചിരുന്നെങ്കിലും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിൽ ബിനുകുമാർ തിരിച്ച് വിദേശത്തേക്ക് പോയി. കഴിഞ്ഞദിവസം പൊലീസുമായെത്തിയ ബാങ്കുകാർ ജലജയെയും കുട്ടികളെയും വീടിനു പുറത്തുനിർത്തി ജപ്തി നടപടികൾ ചെയ്യുമ്പോഴാണ് നാട്ടുകാർ കൂടി പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ അധികൃതർ ജപ്തി നടപടിയിൽനിന്ന‌് പിന്മാറുകയായിരുന്നു. ജപ്തി നടപടികളിൽനിന്ന‌്  ഒഴിവാക്കാൻ ഇടപെടണമെന്ന‌് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ കുടുംബം.
പ്രധാന വാർത്തകൾ
Top