18 October Thursday

കല്ലേരി ഓഡിറ്റോറിയം നാളെ മുഖ്യമന്ത്രി നാടിന് സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017


വടകര >  ആരാധനാലയങ്ങള്‍ മനുഷ്യസ്നേഹവും മതസൌഹാര്‍ദവും ഊട്ടിയുറപ്പിക്കേണ്ട വിളനിലമായിരിക്കണമെന്നതിന് മാതൃകയാണ് വടകരക്കടുത്തെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം. പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ക്ഷേത്രത്തിന്റെ പ്രവര്‍ത്തനമികവിന് മറ്റൊരു നാഴികക്കല്ലുകൂടി പിറക്കുകയാണ്. ക്ഷേത്രാങ്കണത്തില്‍ 10 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹമണ്ഡപവും വ്യാഴാഴ്ച പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. എല്ലാ ജാതി-മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമുള്ള ക്ഷേത്രം കാരുണ്യവഴികളിലും മറ്റും ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തതാണ്.
  ക്ഷേത്രകമ്മിറ്റി വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കിവയ്ക്കുന്നത്. കൂടാതെ നിര്‍ധനരോഗികള്‍ക്കുള്ള ധനസഹായം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ധനസഹായം, ആരോഗ്യ ചികിത്സാകേന്ദ്രം, ആയുര്‍വേദ മരുന്ന് നിര്‍മാണകേന്ദ്രം, വായനശാല-ഗ്രന്ഥാലയ പ്രവര്‍ത്തനം, നിര്‍ധനര്‍ക്കുള്ള റേഷന്‍ സഹായപദ്ധതി തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ക്ഷേത്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനാവും. മുല്ലപ്പള്ളി  രാമചന്ദ്രന്‍ എംപി, പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും.  യുഎല്‍സിസി ചെയര്‍മാന്‍ പാലേരി രമേശന്‍, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി ചെറിയേക്കന്‍, ക്ഷേത്രഭരണസമിതി മുന്‍പ്രസിഡന്റ് എം പി അനന്തന്‍ എന്നിവരെ ആദരിക്കും. വൈകിട്ട് 4.30ന് ചേരുന്ന സാംസ്കാരികസമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. യു കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് സിനിമാ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള അരങ്ങേറും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top