22 October Monday

കോളിമരച്ചുവട്ടില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017


പനമരം > തലക്കല്‍ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും വീര സ്മരണകള്‍ ഉറങ്ങുന്ന കോളിമരച്ചുവട്ടില്‍ ഇന്ന് മലനാടിന്റെ കലാകൌമാരം അരങ്ങുണര്‍ത്തും. ബുധനാഴ്ച രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. പ്രധാന വേദിയായ കബനിയില്‍ മൂകാഭിനയമാണ് ആദ്യ മത്സരയിനം. രണ്ടാം വേദിയായ സുഹാനിയിലാണ് മേളയില്‍ ഏറ്റവുമധികം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കാനെത്തുന്ന നൃത്തഇനങ്ങള്‍ നടക്കുന്നത്. യുപി വിഭാഗം ഭരതനാട്യത്തോടെ ഉണരുന്ന വേദിയില്‍ രണ്ടുനാള്‍ പ്രതിഭകള്‍ ആടിനിറയും. മത്സരാര്‍ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളോടെയും കാത്തിരിക്കുകയാണ് പനമരം.
പകല്‍ 3.30ന് പ്രധാനവേദിയായ കബനിയിലാണ് ഉദ്ഘാടന സമ്മേളനം. ഒ ആര്‍ കേളു എംഎല്‍എ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്വാഗതഗാനം ആലപിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും വസ്ത്രാലങ്കാര കലാകാരിയുമായ സ്റ്റെഫി സേവ്യര്‍ മുഖ്യാതിഥിയാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം വേദിയും കമാനങ്ങളും ഒരുക്കിയവരെയും സാംസ്കാരിക പ്ളോട്ട് തയ്യാറാക്കിയവരെയും യോഗത്തില്‍ ഉപഹാരം നല്‍കി ആദരിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ദൃശ്യവിസ്മയവും അരങ്ങേറും. പ്രാദേശിക കലാകാരന്മാരെ കോര്‍ത്തിയിണക്കിയാകും പരിപാടി.
എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായതോടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1921 കുട്ടികളാണ് ചൊവ്വാഴ്ച വൈകിട്ട് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാവിലെയും രജിസ്ട്രേഷന്‍ തുടരും. മാനന്തവാടി ഉപജില്ലയില്‍ നിന്നാണ് ഇതുവരെ കൂടുതല്‍ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തത്. 691 കുട്ടികളാണ് ഇതുവരെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മേള സ്റ്റേജിനങ്ങളിലേക്ക് കടക്കുന്നത്.
മേളയ്ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ പറഞ്ഞു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടറുടെ സാന്നിധ്യത്തില്‍ വിവിധ സബ്കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ഒരുക്കങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാകുന്നതായി യോഗം വിലയിരുത്തി. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സേവനം വേദിയില്‍ ഉറപ്പാക്കും. ആംബുലന്‍സ് സൌകര്യവും ഒരുക്കും. പകല്‍ രണ്ടുവരെയാകും ഡോക്ടര്‍മാരുടെ സേവനമുണ്ടാകുക. വേദിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം ലൈറ്റ് സംവിധാനങ്ങള്‍ ഒരുക്കും. സ്കൂളിലെ മുഴുവന്‍ ശൌചാലയങ്ങളും ഇടവിട്ട് വൃത്തിയാക്കാനും നടപടിയെടുത്തിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തുന്ന മേളയെന്ന പ്രത്യേകതയുമുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top