11 December Tuesday

ടാഗോര്‍ വിദ്യാനികേതനില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 6, 2018
തളിപ്പറമ്പ്
ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രണ്ടാഴ്ചക്കിടെ മൂന്നുതവണയാണ് സ്‌കൂളിൽ അതിക്രമം. ജനൽ ഗ്ലാസുകൾ തകർക്കുകയും ക്ലാസ്മുറിയിലെ മേശ തീവച്ചു നശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് പ്രധാന ബ്ലോക്കിന് സമീപത്തെ വിഎച്ച്എസ്ഇ വിഭാഗത്തിലെ ക്ലാസ് മുറികളുടെ ജനൽ ഗ്ലാസ് അടിച്ചുതകർത്തത് ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു. 
ക്ലാസ‌്‌മുറികളിൽ ഭക്ഷണാവശിഷ്ടങ്ങളും ബീഡിക്കുറ്റികളും കണ്ടെത്തി. ജനൽ ചില്ലുകൾ തകർത്തശേഷം ഡസ്റ്റർ ഉപയോഗിച്ചാണ് മേശക്ക് തീയിട്ടത്.  കേബിളുകൾ മുറിച്ചു നശിപ്പിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ ക്ലാസ്മുറിയിൽ ചിതറിയ നിലയിലാണ്.  സംഭവത്തെതുടർന്ന് കുട്ടികളെ മറ്റൊരു ക്ലാസിലേക്ക് മാറ്റി.  സ്‌കൂളിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന് സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രധാനാധ്യാപകൻ തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രധാനാധ്യാപകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. എസ്ഐ കെ ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്‌കൂളിലെത്തി അന്വേഷണം നടത്തി.
പ്രധാന വാർത്തകൾ
Top