22 September Saturday

കടകം കയർവ്യവസായ സഹകരണസംഘം ഉദ‌്ഘാടനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കടകം കയർവ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചശേഷം കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ കയർ തൊഴിലാളികളെ ആദരിക്കുന്നു

ചിറയിൻകീഴ് 
സംഘത്തിന്റെ തുടർപ്രവർത്തനത്തിനായി തൊണ്ട് സംഭരിക്കാൻ കയർതൊഴിലാളികൾതന്നെ മുന്നിട്ടിറങ്ങണമെന്ന് കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കടകം കയർവ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ തൊണ്ട് സംഭരണവുമായി ബന്ധപ്പെട്ട് കയർ തൊഴിലാളികളോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, യൂണിയൻ പ്രവർത്തകർ, സംഘം ഭരണസമിതി അംഗങ്ങൾ എന്നിവർചേർന്ന് തൊണ്ട് സംഭരിക്കാനായി മുന്നിട്ടിറങ്ങിയാലേ കയർവ്യവസായം മുന്നോട്ടുപോകുകയുള്ളൂ. തൊണ്ട് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിൽനിന്ന‌് തൊണ്ട് വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി ചകിരിയാക്കി തിരികെ കേരളത്തിൽത്തന്നെ വിൽക്കുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചകിരിക്ക് വൻവിലയാണ് അവർ ഈടാക്കുന്നത്. ഇതിന് മാറ്റംവരാൻ വേണ്ടി നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷം അടച്ചുപൂട്ടിയ കടകം കയർ വ്യവസായ സഹകരണസംഘമാണ‌് റാട്ടുകളുടെ താളം വീണ്ടെടുത്ത‌് പ്രവർത്തനമാരംഭിച്ചത‌്. ഇടതു  സർക്കാരിന്റെ കയർത്തൊഴിലാളികളോടുള്ള സമീപനത്തിനുള്ള ഉത്തമോദാഹരണമാണ് കടകം കയർ സംഘം പ്രവർത്തനസജ്ജമാക്കിയത്.  സംഘത്തിൽ ഇപ്പോഴുള്ള റാട്ടുകൾക്കു പുറമെ കൂടുതൽ കയർ റാട്ടുകൾ എത്തിച്ചിട്ടുണ്ട്. കയർ തൊഴിലാളികളെ ആദരിക്കലും കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. കയർ സംഘം പ്രസിഡന്റ‌് ധർമശീലൻ അധ്യക്ഷനായി. കയർത്തൊഴിലാളികൾക്കുള്ള ആ​ദ്യ കൂലി വിതരണോദ്ഘാടനം കയർഫെഡ് ചെയർമാൻ അഡ്വ. എൻ സായികുമാറും റാട്ടുകളുടെ പ്രവർത്തനോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷും നിർവഹിച്ചു. കയർ പ്രോജക്ട് ഓഫീസർ ഗിരീശൻനായർ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ‌് എസ് ഡീന, പി മണികണ്ഠൻ,  എസ് സിന്ധു,  വി വിജയകുമാർ, പി മുരളി,  ജോഷിബായി, ബീജാസുരേഷ്, സജിനാദേവി, കളിയിൽപ്പുര രാധാകൃഷ്ണൻ,  ടൈറ്റസ്, കയർ ഇൻസ്പെക്ടർ കെ സിന്ധു എന്നിവർ സംസാരിച്ചു. ബി സതീശൻ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top