24 September Monday
വൃക്കരോഗികൾക്ക‌് ചികിത്സാസഹായം

നാടിന്റെ സ‌്നേഹവായ്പ്പിൽ ഒറ്റനാൾകൊണ്ട‌് 39 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ആതിര ചികിത്സാ സഹായം അയല്‍സഭാ കൺവീനര്‍മാരില്‍നിന്ന് മന്ത്രി ടി എം തോമസ് ഐസക് ഏറ്റുവാങ്ങുന്നു

 

 
മാരാരിക്കുളം
നാല‌് സഹജീവികളുടെ ജീവൻ കാക്കാൻ നാട് ഒരുമിച്ച‌് ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത‌് 39 ലക്ഷം രൂപ. മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലാണ്  നാലുപേരുടെ ശസ്ത്രക്രിയയ്ക്കായി ധനസമാഹരണം നടന്നത്. 
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ ചാരങ്കാട്ട് വീട്ടിൽ ജോസഫിന്റെ മകൻ മറൈൻ എൻജിനിയറിങ‌് വിദ്യാർഥി ജോമോൻ (23), മൂന്നാം വാർഡിൽ ചേന്നവേലി ലക്ഷം വീട് കോളനിയിൽ ആൻസൻ (39) എന്നിവരെ സഹായിക്കാൻ 18 വാർഡുകളിൽ നിന്നായി 25 ലക്ഷം രൂപ സമാഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13‐ാം വാർഡ് മറ്റത്തിൽ ലക്ഷം വീട് കോളനിയിൽ സന്തോഷ്‐സതി ദമ്പതികളുടെ മകൾ ആതിര (23) യുടെ ചികിത്സയ്ക്ക് നാല് വാർഡുകളിൽ നിന്നായി 12 ലക്ഷം രൂപ സമാഹരിച്ചു.
  22 അയൽസഭകളുടെ നേത‌ൃത്വത്തിലാണ് ധന സമാഹരണം നടന്നത്. മന്ത്രി ടി എം തോമസ് ഐസക് കൺവീനർമാരിൽ നിന്ന് തുക ഏറ്റുവാങ്ങി. എം എസ് സന്തോഷ് അധ്യക്ഷനായി. നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, വിലഞ്ചിത ഷാനവാസ്, ടി ശ്രീഹരി, തങ്കമണിഗോപിനാഥ്, സന്ധ്യാ ശശിധരൻ, കെ വി സുധാകരൻ, കെ എൻ പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.  ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡ് കുറ്റിയിൽ കെ പി മോഹനദാസിന്റെയും കമലമ്മയുടെയും മകൻ ജിജി കെ മോഹന (39) ന്റെ ചികിത്സക്കായി വാർഡിൽ നിന്ന് 2,01000 രൂപ സമാഹരിച്ചു.
പ്രധാന വാർത്തകൾ
Top