15 November Thursday

കാസർകോട്‌ നഗരസഭ അഴിമതിക്കാരെ നിയമിക്കണമെന്ന്‌ ഭരണസമിതി

കെ സി െലെജുേമാൻUpdated: Friday Jul 6, 2018
കാസർകോട്
അഴിമതിക്ക് കൂട്ടുനിൽക്കാൻ പറ്റുന്ന ജീവനക്കാരെത്തേടി കാസർകോട് നഗരസഭ. നിലവിലുള്ള ഒഴിവുകളിലേക്ക് തങ്ങൾക്കിഷ്ടമുള്ളതും അഴിമതിക്ക് കൂട്ടുനിൽക്കുന്നവരുമായ ഉദ്യോഗസ്ഥരെ തേടിപ്പിടിച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നത്. 
ആരോഗ്യവിഭാഗത്തിലും എൻജിനിയറിങ് വിഭാഗത്തിലുമുള്ള ഒഴിവുകളിലേക്കാണ് മുമ്പ് ഇവിടെ ജോലിചെയ്ത് ഭരണക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത ജീവനക്കാർക്കായി നഗരസഭ ആവശ്യമുന്നയിച്ചിട്ടുള്ളത്. ഇതിലാകട്ടെ ക്രമക്കേട് നടത്തിയതിന് വിജിലൻസ് പ്രതിയാക്കിയ ജീവനക്കാരനുമുണ്ട്.  
2015‐ 16 വർഷം നടപ്പാക്കിയ വനിതാ ഭവനപുനരുദ്ധാരണ പദ്ധതിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും തുക അനുവദിക്കുകയും ചെയ്ത നിർവഹണ ഉദ്യോഗസ്ഥനായ കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറിയെ വിജിലൻസ് പിടികൂടിയതാണ്. ഇയാളെ കാസർകോട് ജില്ലയിലെവിടെയും നിയമിക്കരുതെന്ന വിജിലൻസ് റിപ്പോർട്ടും നിലവിലുണ്ട്. 
അഴിമതിക്ക് കൂട്ടുനിന്ന് സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തി വഞ്ചിച്ചുവെന്നും വ്യാജ ഒപ്പിട്ട് തുക അനുവദിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. നിലവിൽ കണ്ണൂർ ജില്ലയിൽ ജോലിചെയ്യുന്ന ഇയാളെ കാസർകോട് നഗരസഭയിൽ നിയമിക്കണമെന്ന നിർദേശവും ഭരണസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരത്തിൽ മുമ്പ് തങ്ങളെ സഹായിക്കുകയും നടപടിക്ക് വിധേയരായവരെയുമാണ് നഗരസഭ ലക്ഷ്യമിട്ടിട്ടുള്ളത്. ഇവരൊന്നും അഴിമതിക്കാരല്ലെന്ന നിലപാടാണ് ഭരണകക്ഷിയായ മുസ്ലിംലീഗിനുമുള്ളത്.
അതേസമയം ഇവിടെ നിയമനം ലഭിച്ച പല ഉദ്യോഗസ്ഥരും ഭീതികാരണം ചാർജെടുക്കാൻ തയ്യാറായിട്ടില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ച് അന്വേഷണം നേരിടുന്ന നഗരസഭയിൽ സത്യസന്ധമായി ജോലിചെയ്യാനാവില്ലെന്ന തിരിച്ചറിവാണ് ഇവർ ചാർജെടുക്കാതിരിക്കാൻ പ്രധാന കാരണം. 
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നഗരസഭയിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസും വകുപ്പുതലത്തിലും പരിശോധന നടത്തണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗം ഫയലും നഗരസഭയിലില്ലെന്നതാണ് യാഥാർഥ്യം. 
വർഷങ്ങളായി പ്രവർത്തിക്കുന്നതും പുതുക്കി നൽകേണ്ടതുമായ രേഖകൾ മുൻകാലങ്ങളിലെ ഫയലുകൾ കാണാതെ ഒപ്പിട്ടുനൽകേണ്ടി വരും. ഇത് നിയമവിരുദ്ധമാണെന്നറിയാവുന്ന ജീവനക്കാർ ഒപ്പിട്ടുനൽകില്ല. ഇത് നഗരസഭയിൽ ഭരണപ്രതിസന്ധിയുണ്ടാക്കും. 
സാധാരണക്കാർക്ക് യഥാസമയം സേവനം ലഭിക്കാതെ വരുന്നതോടെ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാവുകയും എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽകെട്ടിവച്ച് രക്ഷപ്പെടുകയുമാണ് ഭരണസമിതിയുടെ രീതി.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top