17 November Saturday
കിടയറ്റ ഏകോപനം

രക്ഷ മുതൽ പുനരധിവാസം വരെ

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018

ദുരിതബാധിതർക്കു നൽകാൻ അവശ്യസാധനകിറ്റുകൾ തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ തയ്യാറാക്കിയപ്പോൾ

 
തൃശൂർ
 പ്രളയക്കെടുതിയിൽ വലഞ്ഞ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതു മുതൽ ഇപ്പോൾ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ വരെ കിടയറ്റ ഏകോപനമാണ്‌ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയത്‌.  വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കാനും റേഷൻ കാർഡ്, ആധാർ കാർഡ്, മറ്റ് വിലപ്പെട്ട രേഖകൾ എന്നിവ നഷ്ടപ്പെട്ടവർക്ക് ഉടൻ അതു നൽകാനുള്ള സംവിധാനം ഏർപ്പെടുത്താനും റവന്യു വകുപ്പിനു കഴിഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ, വീടുകൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിക്കാനും വിദഗ്ധരെ ഏർപ്പാടാക്കി. ഇലക്ട്രിക്കൽ വർക്കുകൾ ആവശ്യമായ വീടുകളിൽ എൻജിനിയറിങ്ങ് ‐ പോളി വിദ്യാർഥികളെ ഏകോപിപ്പിച്ച് അനുബന്ധ പ്രവർത്തനം നടത്താനും കഴിഞ്ഞു.
 ചാലക്കുടി, മാള, കുണ്ടൂർ, കുഴൂർ, അന്നമനട, പൊയ്യ തുടങ്ങിയ സ്ഥലങ്ങളിൽ ഹെലികോപ്ടർ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ, ആർമി, അഗ്നിശമന സേന, പൊലീസ്, എൻഡിആർഎഫ്, ഹാം റേഡിയോ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തി ദിവസങ്ങൾക്കകം മുഴുവൻ ആളുകളെയും രക്ഷപ്പെടുത്താൻ സാധിച്ചു.  വീടുകളിൽ കുടുങ്ങി ക്കിടക്കുന്നവർക്ക് ഹെലികോപ്ടറിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാനും രക്ഷപ്പെടുത്തിയവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാനും പെട്ടെന്നു സാധിച്ചു. ഓഗസ‌്ത‌് 15 മുതൽ കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കിയ ദുരന്തനിവരാണ സെല്ലിന്റെ നേതൃത്വം മന്ത്രിമാരായ എ സി മൊയ്തീൻ,  വി എസ് സുനിൽ കുമാർ,  സി രവീന്ദ്രനാഥ് എന്നിവർ ഏറ്റെടുക്കുകയും തുടർന്ന് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം മികവുറ്റതാക്കാനും കഴിഞ്ഞു.  ചാലക്കുടിയിൽ പ്രത്യേകം തയ്യാറാക്കിയ ദുരന്തനിവാരണ സെല്ലി ന്റെയും മെഡിക്കൽ സംവിധാനങ്ങളുടെയും പ്രവർത്തനവും ഇതോടൊപ്പം ഏകോപിപ്പിക്കാനായി.  
 ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഊർജിത ശ്രമങ്ങൾ ഓഗസ‌്ത‌് 20 വരെയും വിജയകരമായി നടത്താൻ സാധിച്ചു. 
കലക്ടറേറ്റ്, വനിത ഇൻഡോർ സ്റ്റേഡിയം, എൻജി. കോളേജ് ഓഡിറ്റോറിയം, പ്ലാനിങ്ങ് ഓഫീസ് അങ്കണം എന്നിവിടങ്ങളിലാണ് ആദ്യദിനങ്ങളിൽ അവശ്യവസ്തുക്കൾ ശേഖരിച്ച് വിവിധ മേഖലകളിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവിടെ നിന്നും ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സമയബന്ധിതമായി വിതരണം ചെയ്യാനും കഴിഞ്ഞു. 
മൂന്ന് ഹെലികോപ്ടറുകളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാദൗത്യം നടത്തുന്നതോടൊപ്പം ആർമി, ഫയർഫോഴ്സ്, മുങ്ങൾ വിദഗ്ധർ എന്നിവരെയും നല്ലരീതിയിൽ ഉപയോഗപ്പെടുത്താനായി. കുട്ടനാട്ടിൽ നിന്നും 50 ഓളം മത്സ്യത്തൊഴിലാളികളെ സ്വന്തം ബോട്ടുമായി ഇവിടേക്കെത്തിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാനും സാധിച്ചു.  
ആറാട്ടുപുഴ, ഏനാമാവ് ഭാഗങ്ങളിൽ ബണ്ടുകൾ തകർന്ന് ഏറെ നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ളവരെയും വളരെ വിദഗ്ധമായി രക്ഷപ്പെടുത്താൻ സാധിച്ചു. ആറാട്ടുപുഴയിൽ കരിവന്നൂർ പുഴ ഗതിമാറിയൊഴുകിയതിനെത്തുടർന്ന് ബണ്ട്, റോഡുകൾ എന്നിവ പാടേ തകർന്നത് മന്ത്രിമാരുടെ നേതൃത്വത്തിൽ നേരിട്ട് വിലയിരുത്തി ത്വരിത നടപടികൾ സ്വീകരിക്കാനും തകർന്ന ബണ്ടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർവസ്ഥിതിയിലാക്കാനും സാധിച്ചു.
 മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും മൂലം വടക്കാഞ്ചേരി കുറാഞ്ചേരിയിൽ 19 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രത്യേക പരിശോധനയും മറ്റും നടത്തി തീരുമാനങ്ങളെടുത്തു. പ്രദേശങ്ങളിലുള്ളവരെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിച്ചു. 
ഏഴ് താലൂക്കുകളിലായി തയ്യാറാക്കിയ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ വിതരണം ചെയ്തു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top