22 September Saturday

വരുമാനം കുത്തനെ ഇടിഞ്ഞു പ്രളയം: വിനോദ സഞ്ചാര മേഖ‌ലക്ക്‌ ഇരുട്ടടി

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
കോഴിക്കോട‌്
കനത്ത മഴയും പ്രളയവും ജില്ലയുടെ വിനോദ സഞ്ചാര മേഖലയ‌്ക്ക‌് തിരിച്ചടിയായി. മഴക്കാലം തുടങ്ങിയതിനുശേഷം ജില്ലയിൽ സഞ്ചാരികളുടെ എണ്ണവും  വരുമാനവും കുത്തനെ കുറഞ്ഞു. മഴ കുറഞ്ഞിട്ടും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക‌് വരാൻ സഞ്ചാരികൾ മടിക്കുകയാണ‌്. 
പ്രളയമുണ്ടായ സമയത്ത‌് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, സരോവരം, അരിപ്പാറ, കക്കയം എന്നിവ അടച്ചിരുന്നു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ സമയത്തും സരോവരം ഒഴികെയുള്ള മറ്റു മൂന്നു കേന്ദ്രങ്ങളും അടച്ചിരുന്നു. ഈ സമയത്ത‌് ടിക്കറ്റ‌ിലും വാഹന പാർക്കിങ്ങിലും വൻ നഷ്ടമാണ‌് വിനോദ സഞ്ചാര വകുപ്പിനും വനം വകുപ്പിനും ഉണ്ടായത‌്. 
നഗരത്തിലെ സരോവരം ബയോ പാർക്കിൽ നിന്നാണ‌് ജില്ലയിലെ വിനോദ സഞ്ചാര വകുപ്പിന‌് എറ്റവും അധികം വരുമാനം ലഭിക്കുന്നത‌്. ദിവസവും 10,000 മുതൽ 12,000 രൂപ വരെയാണ‌് ഇവിടുത്തെ  വരുമാനം.  കനോലി കനാലിൽ വെള്ളം ഉയർന്നതോടെ സരോവരം പാർക്ക‌് വെള്ളത്തിലായി. ദിവസങ്ങളോളം പാർക്ക‌് അടച്ചിടേണ്ടി വന്നത‌് വരുമാനം കുറയാൻ കാരണമായി. 
തുഷാരഗിരിയിൽ പാർക്കിങ‌് ഫീസ‌് ഇനത്തിലാണ‌് വിനോദസഞ്ചാര വകുപ്പിനു വരുമാനം. ഇവിടെ ടിക്കറ്റ‌്  വരുമാനം വനം വകുപ്പിനാണ‌്. വിദേശ സഞ്ചാരികളടക്കം ധാരാളം പേർ എത്തുന്ന സ്ഥലമാണിത‌്.  എന്നാൽ മലയോരത്ത‌് കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായതോടെ ഈ വർഷം തന്നെ പല തവണ അടച്ചിട്ടു. ഇതു വിനോദസഞ്ചാര വകുപ്പിനും വനം വകുപ്പിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. കക്കയം ഹൈഡൽ ടൂറിസത്തെയും കനത്ത മഴ സാരമായി തന്നെ ബാധിച്ചു. കക്കയത്തേക്കുള്ള റോഡ‌്  ഒലിച്ചുപോയി. റോഡ‌് ഇടിച്ചിൽ അടക്കമുള്ള പ്രശ‌്നങ്ങളുളളതിനാൽ ഇങ്ങോട്ടു വരാൻ സഞ്ചാരികൾ മടിക്കുന്നു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണം പുഴയിൽ കൂത്തൊഴുക്ക‌് രൂക്ഷമായതിനാൽ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു. കോഴിക്കോട‌് കടപ്പുറവും ബേപ്പൂരും കാപ്പാടുമാണ‌് വിനോദഞ്ചാരികൾക്ക‌് ഈ സീസണിൽ പ്രവേശനമുള്ള സ്ഥലങ്ങൾ.   
സഞ്ചാരികളുടെ എണ്ണം കുറഞ്ഞത‌് വിനോദസഞ്ചാര വകുപ്പിനും വനം വകുപ്പിനും മാത്രമല്ല, ഈ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും കാര്യമായി ബാധിച്ചു. വ്യാപാരം കുത്തനെ ഇടിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ കച്ചവടം പ്രതീക്ഷിച്ചവരാണ‌് കടുത്ത പ്രതിസന്ധിയിലായത‌്. ടൂറിസ‌്റ്റ‌് ടാക‌്സികൾക്കും സഞ്ചാരികളുടെ വരവ‌് കുറഞ്ഞത‌് ഇരുട്ടടിയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top