21 September Friday

ജില്ലയിൽ 20 കേന്ദ്രങ്ങളിൽ വിഭവസമാഹരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

വിഭവസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി കെ കെ ശൈലജ സംസാരിക്കുന്നു.

  കണ്ണൂർ

പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കുന്നതിനുള്ള വിഭവസമാഹരണം വിജയിപ്പിക്കാൻ ജില്ലയിൽ വിപുലമായ ഒരുക്കം. 'എന്റെ ഒരു മാസം കേരളത്തിന്' എന്നപേരിൽ കണ്ണൂർ കലക്ടർ മുന്നോട്ടുവച്ച പദ്ധതിയാണ് ഇപ്പോൾ കേരളമാകെ ഏറ്റെടുത്തിരിക്കുന്നത്. വിഭവസമാഹരണത്തിലും സംസ്ഥാനത്തിന‌് മാതൃകയാകാൻ ജില്ലക്ക‌് കഴിയുമെന്ന പ്രഖ്യാപനമാണ് ചൊവ്വാഴ്ച മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലുയർന്നത്. ഇതിനായുള്ള പ്രവർത്തനപരിപാടികൾക്കും യോഗം രൂപം നൽകി. പത്തുമുതൽ 15 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ വിഭവസമാഹരണയജ്ഞം സംഘടിപ്പിക്കും.
കണ്ണൂർ, ചെറുകുന്ന് തറ, പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം, ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശേരി, പിണറായി, ധർമടം, പെരളശേരി, ചക്കരക്കൽ, മയ്യിൽ, കൊളച്ചേരി എന്നിവിടങ്ങളിലായിരിക്കും വിഭവസമാഹരണ ക്യാമ്പുകൾ. മൂന്നോ നാലോ തദ്ദേശസ്ഥാപനങ്ങൾക്ക് ഒന്ന് എന്ന നിലയിലാണ് കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. മന്ത്രിമാരായ ഇ പി ജയരാജനും കെ കെ ശൈലജയും നേതൃത്വം നൽകും. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. പരിപാടി നടക്കുന്ന തദ്ദേശസ്ഥാപനത്തിനായിരിക്കും നടത്തിപ്പ് ചുമതല. രണ്ടുദിവസത്തിനകം തദ്ദേശസ്ഥാപനതലത്തിൽ ആലോചനാ യോഗം ചേർന്ന് പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകും. വിഭവസമാഹരണ കേന്ദ്രമുള്ള സ്ഥലമുൾക്കൊള്ളുന്ന തദ്ദേശസ്ഥാപനം പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ തദ്ദേശസ്ഥാപനപ്രതിനിധികളെയും പങ്കെടുപ്പിച്ച് മറ്റൊരു യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തണമെന്നും യോഗം തീരുമാനിച്ചു.   
ധനസമാഹരണസമ്മേളത്തിന‌് മുന്നോടിയായി പഞ്ചായത്തുതലത്തിൽ ബിസിനസ്‐വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമ്പത്തികശേഷിയുള്ള വ്യക്തികൾ, ആദായ നികുതി നൽകുന്നവർ, റസിഡൻസ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ തുടങ്ങി സാധ്യമായ എല്ലാവരുമായും ബന്ധപ്പെടുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണമെന്ന് മന്ത്രി കെ കെ ശൈലജ നിർദേശിച്ചു. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഇതിന് മുൻകൈയെടുക്കണം. ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ആദായ നികുതിയിളവിന് പരിഗണിക്കുമെന്നതിനാൽ അതിനുള്ള രശീതി വിഭാവസമാഹരണ വേളയിൽതന്നെ എഴുതി നൽകാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
 ജില്ലയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ,  മേയർ ഇ പി ലത, എംഎൽഎമാരായ ജയിംസ് മാത്യു, ടി വി രാജേഷ്, സി കൃഷ്ണൻ, കെ സി ജോസഫ്, സണ്ണി ജോസഫ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടർ മീർ മുഹമ്മദലി എന്നിവരും സംസാരിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top