26 September Wednesday
എലിപ്പനി പ്രതിരോധം

നടപടികൾ ഊർജിതമാക്കി ഡോക്സി ഡേ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കൽപ്പറ്റ
പ്രളയാനന്തരം എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ എലിപ്പനി പ്രതിരോധ യജ്ഞം തുടങ്ങി.  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡോക്സി ഡേ ആചരിച്ചു.  കലക്ടറേറ്റ് പരിസരത്ത് ചടങ്ങ് സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ രേണുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയ്ക്ക് എലിപ്പനി പ്രതിരോധമരുന്ന് നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. കലക്ടർ എ ആർ അജയകുമാറും പ്രതിരോധ മരുന്ന് സ്വീകരിച്ചു.
പ്രളയാനന്തരം എലിപ്പനി ബാധിച്ചു മരിച്ചവർ പ്രതിരോധ ഗുളിക കഴിക്കാത്തവരാണെന്നാണ് പരിശോധനകൾ വ്യക്തമാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരും നിർബന്ധമായും ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണമെന്നും ആദ്ദേഹം നിർദേശിച്ചു. 
പ്രതിരോധ ഗുളികകൾ എല്ലാവർക്കും എത്തിക്കുന്നതിനായി ജില്ലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റേഷൻ, അങ്കണവാടി, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ  വീടുകളിൽ എത്തി ബോധവൽക്കരണം നടത്തും. വെള്ളപ്പൊക്കത്തിൽ മലിനമായ വീടുകളും പരിസരവും ശുചീകരിക്കുന്നവർക്ക് എലിപ്പനി പിടിപ്പെടാൻ സാധ്യതയേറെയാണ്. കടുത്ത പനി, തലവേദന, വിറയൽ, ശരീരവേദന, കണ്ണിന് ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രരംഭ ലക്ഷണമാണ്. ഇത്തരം അസ്വസ്ഥതകൾ കണ്ടാൽ കൃത്യമായി ചികിൽസ നേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു
കൃഷിയിടങ്ങളിലും ചെളിവെളളത്തിലും പണിയെടുക്കുന്നവർ  പ്രതിരോധമരുന്ന് കഴിക്കണം. മുതിർന്നവർ 200 മി.ഗ്രാം ഡോക്സിസൈക്ലിൻ ഒറ്റഡോസും 8 മുതൽ 14 വയസ്സ് വരെയുളളവർ 100 മി.ഗ്രാം ഡോക്സിസൈക്ലിൻ ഒറ്റ ഡോസ് കഴിക്കണം. 8 വയസ്സിൽ താഴെയുളള കുട്ടികൾ 10 മി.ഗ്രാം അസിത്രോമൈസിൻ ഒറ്റ ഡോസ് കഴിക്കണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ അമോക്സിലിൻ 500 മി.ഗ്രാം ടാബ്ലറ്റ് മൂന്ന് നേരം വീതം അഞ്ച് ദിവസം കഴിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ചടങ്ങിൽ ഡിപിഎം ഡോ. സി അഭിലാഷ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. പി ദിനീഷ്, ഡോ. കെ എസ് അജയൻ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top