23 September Sunday

കേരളവർമ കോളേജിൽ ആർഎസ‌്എസ‌് ആക്രമണം 3 എസ‌്എഫ‌്ഐ പ്രവർത്തകർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

ആർഎസ‌്എസ‌് ആക്രമണത്തിൽ പരിക്കേറ്റ വിശാഖ‌്, കെ എസ‌് ആകാശ‌് എന്നിവർ

തൃശൂർ
കേരളവർമ കോളേജിൽ ആർഎസ‌്എസ‌് ക്രിമിനൽ ആക്രമണം. മാരകായുധങ്ങളുമായി പുറത്തുനിന്നെത്തിയ ആർഎസ‌്എസ്‌ ‐ബി ജെപി ക്രിമിനൽ സംഘത്തിന്റെ അക്രമണത്തിൽ രണ്ട‌് എസ‌്എഫ‌്ഐ പ്രവർത്തകർക്ക‌് ഗുരുതരമായി പരിക്കേറ്റു. വൈകിട്ട്‌ വീണ്ടും ആർഎസ‌്എസ്‌ ‐ബി ജെപി  സംഘം ആക്രമണം നടത്തി. സംഭവത്തിൽ  മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റു. 
എസ‌്എഫ‌്ഐ യൂണിറ്റ‌് കമ്മിറ്റിയംഗവും ബിഎസ‌്സി  മൂന്നാംവർഷ വിദ്യാർഥിയുമായ കെ വിശാഖ‌്, ബിഎസ‌്സി  മൂന്നാംവർഷ വിദ്യാർഥി കെ എസ‌് ആകാശ‌് എന്നിവരെയാണ‌് ബുധനാഴ്ച രാവിലെ 9.30ന‌് കോളേജ‌് ഗേറ്റിൽവച്ച‌് പത്തംഗ സംഘം അക്രമിച്ചത‌്. അക്രമണത്തിൽ വിശാഖിന്റെ  മൂക്കിന്റെ എല്ല‌് തകർന്നു. ആകാശിന്റെ തലയ‌്ക്ക‌് മാരകമായി പരിക്കേറ്റു. കോർപറേഷൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ‌്ധ ചികിത്സക്കായി  മുളങ്കുന്നത്തുകാവ‌് ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് മാറ്റി. 
  ബുധനാഴ‌്ച രാവിലെ നടന്ന അക്രമത്തിന‌്  തുടർച്ചയായാണ്‌  വൈകീട്ടും വീണ്ടും എസ‌്എഫ‌്ഐ പ്രവർത്തകനെ ഹോസ‌്റ്റലിന‌് സമീപത്തുവെച്ച‌് അക്രമിച്ചത്‌. ബിഎസ‌്സി മൂന്നാം വർഷ വിദ്യാർഥി ആഷിക്കിനെയാണ‌് അക്രമിച്ചത‌്. അക്രമത്തിൽ തലക്ക‌് സാരമായി പരിക്കേറ്റു. മുളങ്കുന്നത്തുകാവ‌് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആഷിക്കിന്റെ തലയിൽ അഞ്ച്‌ തുന്നൽ ഇട്ടു. ക്ലാസ്സ‌്  കഴിഞ്ഞ‌് വീട്ടിലേക്ക‌് വൈകീട്ട‌്  പോകുന്ന വഴിയാണ‌്   മാരകായുധങ്ങളുമായി പുറത്തുനിന്നെത്തിയ സംഘത്തിന്റെ സഹായത്തോടെ ഹോസ‌്റ്റലിന‌് സമീപം വെച്ച‌് എബിവിപിക്കാർ അക്രമിച്ചത‌്. 
അക്രമത്തിന‌് ശേഷം  റോഡിൽ ഉപേക്ഷിച്ച‌്  സംഘം രക്ഷപ്പെട്ടു. എസ‌്എഫ‌്ഐ പ്രവർത്തകരെത്തിയാണ‌് ആഷിക്കിനെ ആശുപത്രിയിലെത്തിച്ചത‌്. എറണാകുളം മഹാരാജാസ‌് കോളേജിൽ എസ‌്ഡിപിഐക്കാർ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയതിനതിന‌് ചുവട‌് പിടിച്ച‌് കേരളവർമ കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ  ബോധപൂർവം  ആർഎസ‌്എസ‌് ബിജെപി ക്രിമിനൽ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. 
നവാഗതർക്ക‌് അഭിവാദ്യം അർപ്പിച്ച‌്  എസ‌്എഫ‌്ഐ കോളേജ‌് കവാടത്തിൽ കമാനം സ്ഥാപിച്ചിരുന്നു. ഇതുമറച്ചുകൊണ്ട‌് എബിവിപിക്കാർ അരങ്ങ‌് കെട്ടി. അഴിച്ചുമാറ്റാൻ എസ‌്എഫ‌്ഐക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, മാരകായുധങ്ങളുമായി കോളേജ‌് ഗേറ്റിന‌് സമീപം തമ്പടിച്ച ആർഎസ‌്എസ‌്ബിജെപി സംഘാംഗങ്ങളും എബിവിപിക്കാരും എസ‌്എഫ‌്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. വിദ്യാർഥികളും അധ്യാപകരും  ബഹളംവച്ച‌്  ഓടിയെത്തിയതോടെ സംഘം രക്ഷപ്പെട്ടു. 
സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന‌് എസ‌്എഫ‌്ഐ യൂണിറ്റ‌് കമ്മിറ്റി പറഞ്ഞു.
പ്രധാന വാർത്തകൾ
Top