21 September Friday
വാടകവീട്ടിലെ കൊലപാതകം

സംഭവത്തിന‌് പിന്നിൽ അവിഹിത ബന്ധമെന്ന‌് പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

രഞ്ജിത്ത് കൊലപാതകത്തിൽ റിമാണ്ടിലായ രതീഷ് കുമാർ, ശ്രീരാജ്‌, സനു, ഷാനു

 

ചാരുംമൂട്
നൂറനാട് ഉളവക്കാട്ടെ വാടകവീട്ടിൽ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടതിന‌് ഇടയാക്കിയത‌് അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമെന്ന‌് പൊലീസ‌്. സ്വകാര്യ ബസ് ഡ്രൈവർ വള്ളികുന്നം കടുവങ്കൽ പുതുപ്പുരക്കൽ കിളി എന്നുവിളിക്കുന്ന രഞ‌്ജിത്തിന്റെ (33) കൊലപാതകത്തിലാണ‌് നിർണായക വിവരങ്ങൾ പുറത്തുവന്നത‌്. 
വേടരപ്ലാവ് വിളയിൽ സുനിൽ എന്ന രതീഷ‌്കുമാർ (24), കണ്ണനാകുഴി ലക്ഷ്‌മിഭവൻ ശ്രീരാജ് (21), വള്ളികുന്നം കടുവിനാൽ മലവിളവടക്കതിൽ സനു (26), താമരക്കുളം ചാവടി ജങ‌്ഷന‌് കിഴക്ക് ഷാനുഭവനം ഷാനു (25) എന്നിവരാണ‌് കേസിൽ അറസ‌്റ്റിലായത‌്.  
 രതീഷ‌്കുമാർ  നൂറനാട്ട് വീട് വാടകയ‌്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു.   രഞ‌്ജിത്ത്,  ശ്രീരാജ‌്, സനു, ഷാനു എന്നിവർ സംഭവദിവസം ഈ വീട്ടിലെത്തിയിരുന്നു.  ബൈക്കുകളിലും സ‌്കൂട്ടറിലുമാണ് ഇവർ വന്നത്. ഈ സമയം ഒരാളിന്റെ ഭാര്യയും ഇവിടെയെത്തി. മറ്റൊരു സ‌്ത്രീയേയും വാടകവീട്ടിലെത്തിച്ചിരുന്നു. സംഘത്തിലുള്ളയാളിന്റെ ഭാര്യയോട് രഞ‌്ജിത്ത് അപമര്യാദയായി പെരുമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇവരെല്ലാം . 
മർദനമേറ്റ് മുഖത്തുൾപ്പടെ മുറിവുകളുമായി വീട്ടുമുറ്റത്ത് കിടന്ന രഞ‌്ജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം വിളിക്കാൻ സംഘാംഗം ഷാനു സ‌്കൂട്ടറിൽ വരുമ്പോളാണ് സംഭവമറിഞ്ഞ്പൊലീസ് ഇവിടേക്ക് വന്നത്. ഷാനുവിനോടാണ് പൊലീസ് വഴി ചോദിച്ചത്. ഈ സമയം ഒരു സ‌്ത്രീ ഉളവക്കാട് ജങ‌്ഷനിൽ ബസിൽ നിന്നിറങ്ങി. ബസിറങ്ങിയ സ‌്ത്രീയുമായി ഷാനു സംസാരിക്കുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഷാനു വന്ന സ‌്കൂട്ടറിൽ ഈ സ‌്ത്രീയും സംഭവസ്ഥലത്ത‌് വന്നെങ്കിലും ഉടൻ സ്ഥലം വിട്ടു. മണപ്പള്ളി സ്വദേശിനിയായ ഇവർ രഞ‌്ജിത്തിന്റെ കാമുകിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. 
പൊലീസ‌് നടത്തിയ വിശദമായ പരിശോധനയിൽ അടുക്കളയുടെ ഷെൽഫിന്റെ അടിവശത്തുനിന്ന‌് വലിയ കന്നാസിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ വ്യാജചാരായം, സ്റ്റൗവും ഗ്യാസ് സിലൻഡറുമായി ട്യൂബിട്ട് ബന്ധിപ്പിച്ചിരുന്ന വാറ്റുപകരണങ്ങൾ, ട്യൂബോടുകൂടിയ അടപ്പുപെട്ടി, വലിയ കലങ്ങളും ചരുവങ്ങളും എന്നിവ കണ്ടെടുത്തു. ഇവിടെ ചാരായ ഉൽപ്പാദനമുണ്ടായിരുന്നെന്ന‌് വ്യക്തമായിട്ടുണ്ട‌്.
കൊലപാതക്കുറ്റത്തിന് പുറമെ രതീഷ‌്കുമാർ, ശ്രീരാജ്, സനു, ഷാനു എന്നിവർക്കെതിരെ അബ്കാരി കേസുമെടുത്തു. രതീഷ്, ശ്രീരാജ്, സനു എന്നിവരെ  മാവേലിക്കര കോടതി റിമാൻഡ‌്ചെയ‌്തു.
രഞ‌്ജിത്തിനെ ആശുപത്രിയിലെത്തിക്കാനെന്ന വ്യാജേന മുങ്ങിയ രണ്ടാം പ്രതി ഷാനുവിനെ വെള്ളിയാഴ‌്ച പൊലീസ് കസ‌്റ്റഡിയിലെടുത്തു. കൊലചെയ്യപ്പെട്ട രഞ‌്ജിത്തും കേസിൽ ഉൾപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരെല്ലാം ബിജെപി സജീവ പ്രവർത്തകരുമാണ്. രഞ്ജിത്തിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ‌്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ‌്കരിച്ചു.
പ്രധാന വാർത്തകൾ
Top