23 September Sunday

ചട്ടിനിറക്കും ചട്ടിപ്പറമ്പ്‌ മത്സ്യത്തിന്‌ റെക്കോഡ്‌ വിലക്കുറവ‌്

സ്വന്തം ലേഖകൻUpdated: Monday Sep 3, 2018

ചട്ടിപ്പറമ്പ്‌ ജനകീയ ഫിഷ‌് ആൻഡ‌് വെജിറ്റബിൾ മാർക്കറ്റിലെ തിരക്ക്‌

 

 

 
മലപ്പുറം
കുറഞ്ഞവിലയ്ക്ക‌് മീന്‍ വാങ്ങാൻ ഹാർബറും നോക്കി പോകേണ്ട, വൈകിട്ട‌് ചട്ടിപ്പറമ്പിൽ പോയാൽ മതി. കോട്ടക്കൽ‐ പെരിന്തൽമണ്ണ റോഡിൽ ചട്ടിപ്പറമ്പ‌് ടൗണിലെ ജനകീയ ഫിഷ‌് ആൻഡ‌് വെജിറ്റബിൾ മാർക്കറ്റാണ‌് വിലക്കുറവിന്റെ കേന്ദ്രമായി നാട്ടുകാരെ ആകർഷിക്കുന്നത‌്. പ്രദേശവാസികൾമാത്രമല്ല, കഥ കേട്ടറിഞ്ഞ‌് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും ഉൾപ്പെടെ മത്സ്യപ്രേമി കൾ മാര്‍ക്കറ്റിലെത്തുന്നുണ്ട‌്.
ഹാർബറില്‍ എത്തിയാലുണ്ടാകുന്ന പ്രതീതിയാണ‌് ചട്ടിപ്പറമ്പ‌് മാർക്കറ്റിലും അനുഭവിക്കാനാവുക. പൊന്നാനി, താനൂർ, ബേപ്പൂർ, ചേറ്റുവ ഹാർബറുകളിൽനിന്ന‌് മണിക്കൂറുകൾ വ്യത്യാസത്തിലാണ‌് മത്സ്യങ്ങൾ ഇവിടെയെത്തുന്നത‌്. മത്സ്യം സ‌്റ്റാളിലേക്കിറക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും നടത്തിപ്പുകാരുടെ ആവേശവും വിലപേശലും കടപ്പുറത്തെ മീൻ ലേലത്തിന്റെ പ്രതീതിയുളവാക്കും. പകൽ മൂന്നോടെ സജീവമാകുന്ന മാർക്കറ്റ‌് രാത്രി പത്തരയോടെ അവസാനിപ്പിക്കുമ്പോഴേക്കും സ‌്റ്റാളുകളിൽ ഒറ്റമീൻപോലും അവശേഷിക്കാറില്ല. 
പ്രധാന മാർക്കറ്റുകളിലെ വിലയേക്കാൾ പാതിയിലും താഴ‌്ന്നവിലയ‌്ക്കാകും ചട്ടിപ്പറമ്പിലെ വിൽപ്പന. മൂന്നുകിലോ അയലക്ക‌് 100 രൂപയായിരുന്നു ശനിയാഴ‌്ചത്തെ വില. നാലുകിലോ കൂന്തലാണ‌് 100 രൂപക്ക‌് വിറ്റത‌്. ചൂര ഒന്നരക്കിലോ ‐ 100 രൂപ, കോര രണ്ടുകിലോ ‐ 100 രൂപ, തിലോപ്പ്യ മൂന്നുകിലോ ‐ 100 രൂപ എന്നിങ്ങനെയായിരുന്നു വില. 
കോഴിയിറച്ചി കിലോയ‌്ക്ക‌് 120 രൂപക്കും ആട്ടിൻതല 250 രൂപക്കും ആടിന്റെ ബോട്ടി 120 രൂപക്കും വിൽപ്പന നടത്തി. ആടിന്റെ കാലും പച്ചക്കറിയും പഴവർഗങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാം വിലക്കുറവിലാണ‌് വിറ്റഴിക്കുന്നത‌്.
രണ്ട‌് വർഷംമുമ്പ‌് ആരംഭിച്ച മാർക്കറ്റ‌് ഇന്ന‌് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത‌് പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിലാണ‌് പ്രവർത്തിക്കുന്നത‌്. ജനകീയ മാര്‍ക്കറ്റിൽതന്നെയാണ‌് പഴയ മാർക്കറ്റിന്റെയും പുതിയ മാർക്കറ്റിന്റെയും പ്രവർത്തനം. ഇരു മാർക്കറ്റുകളിലുമായി ഇരുപതിലധികം മത്സ്യ സ്റ്റാളുകളും പച്ചക്കറി സ‌്റ്റാളുകളും പ്രവർത്തിക്കുന്നു. ഇരുന്നൂറോളം തൊഴിലാളികളും നടത്തിപ്പുകാരുമുണ്ട‌്. രണ്ടാഴ‌്ചക്കുള്ളിൽ മറ്റൊരു മാർക്കറ്റുകൂടി സമീപത്ത‌് തുടങ്ങും.
ആവശ്യക്കാർ ഏറെയുള്ളതിനാൽ ആവശ്യാനുസരണം മത്സ്യം നൽകാൻ മിക്ക ഹാർബറുകളിലെയും മൊത്തക്കച്ചവടക്കാർ മടിക്കാറില്ലെന്ന‌് മുതിർന്ന മത്സ്യ വ്യാപാരി യൂസഫ‌് പറഞ്ഞു. കിലോയ‌്ക്ക‌് മൂന്നുമുതൽ അഞ്ച് രൂപവരെമാത്രം ലാഭമെടുത്താണ‌് കച്ചവടം. ഒറ്റ ദിവസംപോലും ഇവിടെയെത്തുന്ന മത്സ്യം ബാക്കിവന്ന‌് ഫ്രീസറിൽ സൂക്ഷിക്കാറില്ല. ഇത‌് അറിഞ്ഞതിനാലാവാം ദിവസംതോറും ആവശ്യക്കാർ വർധിക്കുന്നതെന്നും യൂസഫ‌് പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top