23 September Sunday

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

കുളത്തൂർ
സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി വിൽപ്പനക്ക്  കൊണ്ടുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.പിടിയിലായത് പുത്തനങ്ങാടിയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരൻ. പുത്തനങ്ങാടി സ്വദേശി കഴുങ്ങോളിപറമ്പിൽ ഹുസൈൻ എന്ന മാനു (28), വേങ്ങര ചെറൂർ സ്വദേശി കരുമ്പിൽ മുഹമ്മദ് മൻസൂർ (27) എന്നിവരെയാണ‌്   മാലപറമ്പ് കുരിശുപള്ളിക്കുസമീപം അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറം, പുഴക്കാട്ടിരി ഭാഗങ്ങളിലെ ഏജന്റുമാർ മുഖേന വളാഞ്ചേരി, പുത്തനത്താണി എന്നിവിടങ്ങളിലെ മൊത്തകച്ചവടക്കാരിൽനിന്ന‌് കിലോഗ്രാമിന് 15,000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും ഇത് ആന്ധ്രയിൽനിന്ന് ട്രെയിൻമാർഗം കേരളത്തിലെത്തിക്കാൻ പ്രത്യേക ഏജ​ന്റുമാർ ഉണ്ടെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. 
പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യപ്രതി ഹുസൈൻ പെരിന്തൽമണ്ണ, മങ്കട, കുളത്തൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. പുത്തനങ്ങാടിയിൽ രാത്രിയിൽ വ്യാപാരിയെ തമിഴ് കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി കാറും പണവും കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരനാണ് ഹുസൈൻ. 
ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓപറേഷൻ ക്ലീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ കീഴിൽ കൊളത്തൂർ എസ്ഐ  സി കെ നൗഷാദും സംഘവും നടത്തിയ പ്രത്യേക വാഹന പരിശോധനക്കിടെയാണ‌് ഇവർ പിടിയിലായത‌്. 
എഎസ്ഐമാരായ സി പി മുരളി, വിവേകാനന്ദൻ, സിപിഒമാരായ  കൃഷ്ണകുമാർ, എം മനോജ്, യു പി ഷറഫുദീൻ, മുഹമ്മദ് സജീർ,  എം കെ മിഥുൻ, വി പി രാജേഷ്, ക്ലിന്റ് ജേക്കബ്, ഷംസുദ്ദീൻ, സത്താർ, മനോജ്, ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
Top