21 November Wednesday

എലിപ്പനിക്കെതിരെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
എന്താണ് 
എലിപ്പനി ?
ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ നാലു മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ
പനി, പേശി വേദന (കാൽവണ്ണയിലെ പേശികളിൽ) തലവേദന, വയറു വേദന, ഛർദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ രോഗം പൂർണമായും ഭേദമാക്കാം. 
ചികിത്സ 
വൈകരുത്
ആരംഭത്തിൽ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.  മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കൈയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികൾ ഉപയോഗിക്കുക.  ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകൾ) ആഴ്ചയിലൊരിക്കൽ കഴിക്കണം. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഗുളികയും തുടരണം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം.  സ്വയം ചികിത്സ ചെയ്യരുത്. താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എലിപ്പനിക്ക് കിടത്തി ചികിത്സാ സംവിധാനം ഉണ്ട്. പ്രധാന ചികിത്സാ മാർഗങ്ങളായ ഡോക്സിസൈക്ലിൻ ഗുളിക, പെൻസിലിൻ ഇഞ്ചക്ഷൻ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ രോഗനിരീക്ഷണം ശക്തിപ്പെടുത്തേണ്ടതും എല്ലാ പനിരോഗികളുടെയും വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണം.
സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, സ്വതന്ത്ര പ്രാക്ടീഷണർമാർ ഉൾപ്പെടെ എല്ലാവരും സാംക്രമിക രോഗങ്ങളുടെ ദൈനംദിന റിപ്പോർട്ടിങ‌് കൃത്യമായി ജില്ലാ സർവെയ്ലൻസ് ഓഫീസർക്ക് ലഭ്യമാക്കണം.
പ്രധാന വാർത്തകൾ
Top