21 November Wednesday

വേഗം കുറയ്‌ക്കാൻ സ്ഥാപിച്ച ഹംപുകൾ ഭീഷണിയായി

സ്വന്തം ലേഖകൻUpdated: Monday Sep 3, 2018
കുറ്റിക്കോൽ
വാഹനവേഗത നിയന്ത്രിക്കുന്നതിന് മലയോരത്തേക്കുള്ള റോഡുകളിൽ സ്ഥാപിച്ച ഹംപുകൾ അപകടം വരുത്തുന്നു.  മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ഹംപ്‌ കടക്കുമ്പോൾ തെറിച്ച് റോഡിൽ വീണ കുണ്ടംകുഴി ബെദിരയിലെ ശോഭ ഏതാനും ദിവസം മുമ്പ്‌  മരിച്ചിരുന്നു. കുറ്റിക്കോൽ ‐ ബോവിക്കാനം റോഡിൽ ബേത്തൂർപാറ ഗവ. ഹയർസെക്കൻഡറി സ്കൂളിന് പിറകിലായി കൊസാംബി കലാ‐ കായിക കേന്ദ്രത്തിന് മുൻവശത്തായിരുന്നു അപകടം. ഇവിടെ വാഹനങ്ങൾ സ്ഥിരം അപകടത്തിൽപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. 
റോഡ് വളരെ ദൂരം ഇറക്കമായതിനാൽ കുറ്റിക്കോൽ ഭാഗത്തുനിന്ന്‌  വരുന്ന വാഹനങ്ങൾക്ക് നല്ല വേഗതയുണ്ടാകാറുണ്ട്. അടുത്തെത്തിയാൽ മാത്രം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്ന ഹംപാണിത്‌. തൊട്ടടുത്തായി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലും  എഎൽപി സ്കൂളിന് പിറകിലുമായി വേെറയും ഹംപുണ്ട്‌. ഈ റോഡ് എത്തിച്ചേരുന്ന തെക്കിൽ ‐ ആലട്ടി റോഡിലും ഇത്തരത്തിൽ നിരവധി ഹംപുകൾ  ഭീഷണിയായുണ്ട്. കുണ്ടംകുഴി ഗവ.സ്കൂളിന് മുൻവശം രണ്ട്, പടുപ്പിൽ രണ്ട്, ഏണിയാടി മഖാമിന് മുന്നിൽ ഒന്ന്, ബന്തടുക്ക ഓട്ടോ‐ ടാക്സി സ്റ്റാൻഡിന് സമീപം, ബന്തടുക്ക ബസ്റ്റാൻഡിന് മുന്നിൽ, ഗവ. സ്കൂളിന് മുന്നിൽ, മാണിമൂലമൊട്ട തുടങ്ങിയവിടങ്ങളിലാണ് വലിയ ഹംപുകളുള്ളത്. മിക്കതിലും ചെറിയ  കാറുകൾ ഉൾപ്പെടെയുള്ളവയുടെ അടിവശം തട്ടും.  ബന്തടുക്ക ‐ ബളാന്തോട് റോഡിൽ മലാങ്കുണ്ട് അങ്കണവാടിയുടെ മുമ്പിലുള്ള  രണ്ട് ഹംപുകൾക്ക് ഉയരം കുറവാണ്. എങ്കിലും  വളരെയധികം അപകട ഭീഷണിയുണ്ടാക്കുന്നതാണിത്. സൂചനാബോർഡുകളൊന്നും ഇവിടെയില്ല.
വേഗത നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഹംപുകൾ ഒരേസമയം ഗുണകരവും അതേസമയം വാഹനങ്ങൾക്ക്‌ ഭീഷണിയുമാണ്‌.  വലിയ ഹംപ്‌ ഒഴിവാക്കി സീബ്ര വരയോടുകൂടി ചെറിയ  ഹംപുകൾ, സീബ്രവര, ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ ദിശാ ബോർഡ്, റിഫ്ലക്‌ഷൻ ലൈറ്റ് എന്നിവ സ്ഥാപിച്ച് അപകടസാധ്യത കുറയ്ക്കാവുന്നതാണ്. വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ബേത്തൂർപാറയിലെ ഹംപുകളിൽ കൊസാംബി ക്ലബ് പ്രവർത്തകർ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top