19 November Monday

അഭിമന്യുവിന്റെ കൊലപാതകം; വിദ്യാലയങ്ങൾ നിശ്ചലം

സ്വന്തം ലേഖകൻUpdated: Tuesday Jul 3, 2018
 
തൃശൂർ
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രതിഷേധം അലയടിച്ചു. ജില്ലയിലെ സർക്കാർ കോളേജുകൾ, സ്വാശ്രയ സ്ഥാപനങ്ങൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, സ്കൂളുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി. 
തിങ്കളാഴ്ച എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാവിലെതന്നെ വിദ്യാർഥികൾ പഠിപ്പുമുടക്കി പുറത്തിറങ്ങി, 16 ഏരിയ കേന്ദ്രങ്ങളിലും വൻ പ്രതിഷേധപ്രകടനങ്ങൾ നടത്തി. 
 മുഴുവൻ ഏരിയകൾക്കുകീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്ഷരാർഥത്തിൽ അടഞ്ഞുകിടന്നു. അതതിടത്തെ പ്രകടനങ്ങൾക്ക് പെൺകുട്ടികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം സോന കെ കരീം നേതൃത്വം നൽകി. 
സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്ക് പൂർണമായിരുന്നു. തങ്ങളുടെ പ്രിയ നേതാവിന്റെ കൊലപാതകവിവരം അറിഞ്ഞതിനുപിന്നാലെ രാവിലെ ക്യാമ്പസിലെത്തിയ വിദ്യാർഥികൾ പ്രതിഷേധക്കൊടുങ്കാറ്റുയർത്തിയിരുന്നു. എങ്ങും പ്രകടനങ്ങളും വർഗീയവിരുദ്ധ പ്രചാരണങ്ങളും ഉയർന്നു. ചാവക്കാട് എസ് മുബാറക്ക്, നാട്ടികയിൽ കെ വിവേക്, ഒല്ലൂരിൽ മിഥുൻ, കുന്നംകുളത്ത് പി കെ ഷിഹാദ്, ചാലക്കുടിയിൽ നിതിൻ പുല്ലൻ, മണ്ണുത്തിയിൽ റെജില എന്നിവരുടെ നേതൃത്വത്തിൽ പ്രകടനങ്ങളും പ്രതിഷേധപരിപാടികളും നടന്നു. കൊടകരയിൽ വഴിതടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധപരിപാടികൾക്ക് നാടാകെ വൻ പിന്തുണ ലഭിച്ചു. 
ഡിവൈഎഫ്ഐ തൃശൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ  പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെന്ററിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി കെ എസ് സെന്തിൽകുമാർ, പ്രസിഡന്റ് ആൻസൻ സി ജോയ്, ട്രഷറർ ദിപിൻദാസ്, വി സി രാജീവ്, മഞ്ജുഷ, പി എസ് ശ്രുതി, എൻ ബി  നിധീഷ്, അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
ക്യാമ്പസുകളിലാകെ സമ്പൂർണ പഠിപ്പുമുടക്ക്  നടക്കവേ, എസ്എഫ്ഐ നേതാക്കൾ ഇടപെട്ട് അതതിടങ്ങളിൽ നടക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ തടസ്സമില്ലാതെ നടത്താൻ സഹായം നൽകി. 
കാലങ്ങളായി ക്യാമ്പസുകളിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ന്യൂനപക്ഷ‐ ഭൂരിപക്ഷ വർഗീയവാദികൾ നടത്തുന്ന ബോധപൂർവമായ ഇടപെടലിന്റെ ഭാഗമായാണ് മിടുക്കനായ വിദ്യാർഥിനേതാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജാസിൽ ഇക്ബാൽ, സെക്രട്ടറി സി എസ് സംഗീത് എന്നിവർ പറഞ്ഞു. 
ക്യാമ്പസുകളിൽ വർഗീയതയുടെ ഇരുട്ടുപരത്താൻ വർഗീയവാദികൾ നടത്തുന്ന മുഴുവൻ നീക്കങ്ങളും എന്തുവിലകൊടുത്തും വിദ്യാർഥികളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തുമെന്ന് ഇവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top