23 July Monday

ഐഎംഎ മാലിന്യ പ്ളാന്റിനെതിരെ പ്രതിഷേധം ശക്തം: ഹിയറിങ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018
പാലോട് > ഐഎംഎ ആശുപത്രി മാലിന്യ പ്ളാന്റിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ കലക്ടറുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ഹിയറിങ് നടത്തും. ബയോമെഡിക്കല്‍ മാലിന്യ സംസ്ക്കരണ യൂണിറ്റിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷയുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്ത് ഹാളില്‍ പകല്‍ മൂന്നിനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോഡ്കൂടി ഉള്‍പ്പെട്ട ഹിയറിങ് നടത്തുന്നത്. 
 
പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം ഓട്ചുട്ടപടുക്കയിലാണ് പ്ളാന്റിനായി ഏഴര ഏക്കര്‍ വാങ്ങിയത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ പ്ളാന്റ് സ്ഥാപിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മാലിന്യമാണ് ഇവിടെ നിര്‍മാര്‍ജനം ചെയ്യുക. 200 ഹെക്ടര്‍ ശുദ്ധജല ചതുപ്പിലായി വ്യാപിച്ചുകിടക്കുന്ന കാട്ടുജാതിക്കാമരങ്ങളുടെ കണ്ടലുള്ള ലോകത്തെ ഏക പ്രദേശമാണിവിടം എന്ന പ്രത്യേകതയുണ്ട്. ചിറ്റാര്‍, കുളത്തൂപ്പുഴ നദികളുടെ പ്രഭവകേന്ദ്രവും ഇവിടെയാണ്. പ്രദേശത്തു നിന്നും 300 മീറ്റര്‍ മാറി 64 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നു. ആന ഉള്‍പ്പെടെ കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമാണിവിടമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശം പ്ളാന്റ് നിര്‍മാണത്തിന് യോജിച്ചതല്ലെന്നുകാട്ടി ഡിഎഫ്ഒ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കത്തുനല്‍കി. ഇത്തരം ആശങ്ക നിലനില്‍ക്കേയാണ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി കലക്ടര്‍ പ്രദേശം സന്ദര്‍ശിക്കും. നെടുമങ്ങാട് തഹസില്‍ദാര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചു. കൈമാറ്റം ചെയ്യപ്പെടാവുന്ന സ്ഥലമല്ലെന്നത് കലക്ടറെ ബോധ്യപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top