Top
18
Monday, December 2017
About UsE-Paper

'വെളിച്ചം' മിഴിതുറക്കുന്നതും കാത്ത് അനിതയും മക്കളും

Saturday Dec 2, 2017
സ്വന്തം ലേഖകന്‍
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫ് ഫ്രാന്‍സിസിനെ കണ്ട് ബന്ധുക്കള്‍ കരയുന്നു
തിരുവനന്തപുരം > കാഴ്ചയില്ലാത്ത രണ്ടു മക്കള്‍ അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ വെളിച്ചമാണ് ജോസഫ്. ജനറല്‍ ആശുപത്രിയില്‍ ബോധരഹിതനായി കിടക്കുന്ന ജോസഫ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്ത് അരികെ കണ്ണീരുമായ് കാത്തിരിക്കുകയാണ് ഭാര്യ അനിതയും മക്കളും. പൂന്തുറ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ ജോസഫ് ഫ്രാന്‍സിസും കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടവരിലുണ്ടായിരുന്നു. സഹോദരീഭര്‍ത്താവ് ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പൂന്തുറയില്‍നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച പുറപ്പെട്ട സംഘം തിരിച്ചെത്തേണ്ടത് വ്യാഴാഴ്ച രാവിലെ. എന്നാല്‍, സാധാരണ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോസഫും കൂട്ടരും എത്തിയില്ല. ഇതിനകം 'ഓഖി'യുടെ താണ്ഡവത്തിന്റെ വിവരം കാട്ടുതീ പോലെ കടപ്പുറത്ത് പരന്നിരുന്നു. ഇതോടെ അനിതയുടെയും മക്കളുടെയും മനസ്സില്‍ ആധി നിറഞ്ഞു. 
 
അനിതയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ കപ്പിത്താനാണ് ജോസഫ്. വാടകവീട്ടിലാണ് ഇവരുടെ താമസം. മക്കളില്‍ രണ്ടുപേര്‍ കാഴ്ചയില്ലാത്തവര്‍. ഇവര്‍ പഠിക്കുന്നത് വര്‍ക്കലയിലുള്ള അന്ധവിദ്യാലയത്തിലാണ്. ഇവിടെയുള്ള കോണ്‍വെന്റിന് കീഴിലുള്ള സ്ഥാപനത്തിലാണ് ഇവരുടെ താമസവും. മത്സ്യവില്‍പ്പനക്കാരിയാണ് അനിത. ജോസഫിനും അനിതയ്ക്കും ലഭിക്കുന്ന തുച്ഛവരുമാനത്തില്‍ നിന്നുമാണ് വീടിന്റെ വാടക, മക്കളുടെ പഠനച്ചെലവ്, മാതാപിതാക്കളുടെ ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്തുന്നത്. രണ്ടു മക്കള്‍  അന്ധരാണെന്ന ദുഃഖത്തിനു പുറമെ സ്വന്തമായി വീടില്ലെന്ന  സങ്കടവും ഇവരെ അലട്ടുന്നു. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് ദുരന്തമെത്തിയത്. കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ജോസഫിനെ ആദ്യം കുളച്ചല്‍ കടപ്പുറത്തും തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കടല്‍ക്ഷോഭത്തില്‍ ജോസഫിന് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സഹോദരീഭര്‍ത്താവിനെ കുറിച്ച് വിവരമൊന്നുമില്ല.