21 September Friday

ഒരുക്കങ്ങൾ പൂർത്തിയായി; മെഗാ ക്ലീനിങ‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
ഇടുക്കി
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഞായറാഴ‌്ച രാവിലെ എട്ടുമുതൽ മെഗാ ക്ലീനിങ‌് ആരംഭിക്കും. ഓരോ ബ്ലോക്ക് ഡിവിഷൻമാരുടെ നേതൃത്വത്തിൽ അതത് മേഖലകളിലും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധികളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ രണ്ടു ടീമുകളായി തിരിഞ്ഞാണ് ശുചീകരണപ്രവർത്തനങ്ങൾ. ബ്ലോക്കുതല ശുചീകരണയജ്ഞത്തിന് വിനോദസഞ്ചാര മേഖലയായ അഞ്ചുരുളി ടണൽ പരിസരം വൃത്തിയാക്കി തുടക്കംകുറിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് എന്നിവർ നേതൃത്വം നൽകും. 
       വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതും സഞ്ചാരികൾ ഉപേക്ഷിച്ചുപോയതുമായ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കി വൃത്തിയാക്കി പ്ലാസ്റ്റിക് സംസ്‌കരണത്തിനായി ശേഖരിച്ചു മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി പറഞ്ഞു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് വൈസ‌് പ്രസിഡന്റ‌് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ടീം വെള്ളംകയറി ശോച്യാവസ്ഥയിലായ ഉപ്പുതറ, ചപ്പാത്ത് ഭാഗത്തെ വീടുകളുടെ പരിസരം ശുചീകരിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടിയമ്പാട് ടൗണും പരിസരപ്രദേശങ്ങളും ബ്ലോക്ക് ഓഫീസ് പരിസരവും ശുചീകരിച്ച‌് തുടക്കമാകും. ജില്ലാതല ശുചീകരണ പരിപാടി  വണ്ടിപ്പെരിയാറിൽ നടക്കുന്നതിനാൽ അഴുത ബ്ലോക്ക് പഞ്ചായത്ത് ഇതുമായി സഹകരിച്ച് ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും. ബ്ലോക്കുതല പരിപാടികളിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത‌് ഭാരവാഹികൾ, ജീവനക്കാർ, മഹിളാപ്രധാൻ എജന്റുമാർ, സാക്ഷരതാ പ്രോരകുമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കാളികളാകും. 
   എല്ലാ പഞ്ചായത്തുകളിലും വാർഡുകൾ തോറും ശുചീകരണപ്രവർത്തനങ്ങൾ നടക്കും. കട്ടപ്പന നഗരസഭയിൽ ഉരുൾപൊട്ടലിൽ മണ്ണ് അടിഞ്ഞുകയറിയ വീടുകൾ ശുചീകരിക്കുകയും എല്ലാ കോളനികളും കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top