24 September Monday

നിലയ്ക്കുന്നില്ല വിജയാരവം...

സി ശ്രീകാന്ത്Updated: Thursday Aug 2, 2018

കേരള പൊലീസ്‌ സംസ്ഥാന ഫുട്‌ബോൾ മത്സരത്തിൽ പാലക്കാട്‌ ജില്ലാ പൊലീസ്‌ ടീമിനെതിരെ കെഎപി വൺ ത്രൈസോറിന്റെ ഐ എം വിജയന്റെ മുന്നേറ്റം തടയുന്ന പാലക്കാടിന്റെ മോഹൻദാസ്‌

 

 
മലപ്പുറം
ലോകകപ്പ് ഫുട്ബോൾ ആരവം പെയ്തിറിങ്ങിയതിനുപിന്നാലെ കാൽപ്പന്തിനെ നെഞ്ചേറ്റുന്ന മലപ്പുറത്തിന്റെ മണ്ണിൽ ഐ എം വിജയന്റെ ഇന്ദ്രജാലം. 46﹣ാമത് കേരള പൊലീസ് ​ഗെയിംസ് ആൻഡ് അ‌ത‌്‌ലറ്റിക‌് മീറ്റിന്റെ ഭാ​ഗമായുള്ള പൊലീസ് ഫുട്ബോൾ മത്സരത്തിലാണ് കറുത്തമുത്ത് വീണ്ടും ബൂട്ടണിഞ്ഞത്. മുൻ ഇന്ത്യൻ പടക്കുതിരയുടെ കളിമിടുക്കിന്റെ മികവിൽ രണ്ട‌് ഗോളുകൾക്ക് തൃശൂർ ജയിച്ചു. 
കേരള ആംഡ് ഒന്ന് ബറ്റാലിയൻ തൃശൂരിനുവേണ്ടിയാണ് എംഎസ് പി  എൽപി സ്കൂൾ മൈതാനിയിൽ വിജയൻ  വീണ്ടും കളത്തിലിറങ്ങിയത‌്. പുതുതലമുറ താരങ്ങൾക്കൊപ്പം കളംനിറഞ്ഞാണ് ഇന്ത്യൻ ഫുട‌്ബോളിന്റെ ഇതിഹാസതാരം കളിച്ചത്. വെടിയുണ്ട കണക്കിനുള്ള ഷോട്ടുകളും മിന്നൽപിണർപോലുള്ള ഹെഡ്ഡുകളും കളിക്കാരെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. രണ്ട് കിടിലൻ ​ഗോളുകളും പിറന്നു. പോരാട്ടവീര്യം ഒട്ടുംചോരാതെ കളിച്ച വിജയൻ മാസ്മരികപ്രകടനം കാഴ്ചവച്ചു.
പുതിയ താരങ്ങൾക്കൊപ്പം പഴയ ഇന്ത്യൻ താരങ്ങളുമായിട്ടാണ് കെഎപി തൃശൂർ കളത്തിലിറങ്ങിയത്.  ജൂനിയർ ഇന്ത്യൻ ടീം അംഗവും കേരള പൊലീസിനായി വർഷങ്ങൾ ബൂട്ടണിഞ്ഞ ലിസ്റ്റൻ, മുൻ കേരള പൊലീസ്﹣ സന്തോഷ് ട്രോഫി താരങ്ങളായ ​ഗോൾ കീപ്പർ മെൽബിൻ, മഹേഷ്, അജിത്ത് എന്നിവരും തൃശൂരിനുവേണ്ടി കളത്തിലിറങ്ങിയിരുന്നു. പാലക്കാട് ജില്ലാ പൊലീസ് ടീമിനെ ഏകപക്ഷീയമായ നാല് ​ഗോളുകൾക്കാണ് കെഎപി തൃശൂർ തകർത്തത്.
കളിതുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽതന്നെ വിജയൻ ﹣ലിസ്റ്റൻ കൂട്ടുകെട്ടിൽ ആദ്യ​ഗോൾ പിറന്നു. വിജയൻ എടുത്ത കോർണർ കിക്ക് ലിസ്റ്റൻ അനായാസം വലയിലെത്തിച്ചു. പിന്നീട് 25ാം മിനിറ്റിൽ 30 വാര അകലെനിന്ന് വിജയൻ എടുത്ത ഷോട്ടും ​ഗോളായി. രണ്ടാം പകുതിയിൽ ആദ്യനീക്കത്തിൽനിന്ന് ലഭിച്ച ബോൾ ഹെഡ്ഡിലൂടെ വിജയൻ രണ്ടാം ​ഗോൾ നേടി തൃശൂരിന് നാലാം ​ഗോളും സമ്മാനിച്ചു. പൊലീസ് ബറ്റാലിയന്‍ പരിശീലകന്റെ റോളിലാണ് വിജയൻ സാധാരണ എത്താറ്. എന്നാൽ മലപ്പുറമായതിനാൽ ആവേശത്തിൽ  ബൂട്ടണിയുകയായിരുന്നു. 
വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടർ മത്സരത്തിലും തൃശൂരിനുവേണ്ടി എംഎസ‌്പി മൈതാനത്ത് വിജയൻ ബൂട്ടണിയും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top