14 November Wednesday

ജില്ലയിലെ നെല്ലുൽപ്പാദനത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
വൻ വർധന
എടപ്പാൾ
ജില്ലയിലെ നെല്ലുൽപ്പാദനത്തിൽ വൻ വർധനവ‌്. ഇത്തവണ സപ്ലൈകോ സംഭരിച്ചത് 17,688 ടൺ നെല്ല്. കഴിഞ്ഞ വർഷത്തേക്കാൾ 6225 ടൺ കൂടുതൽ. 81 പഞ്ചായത്തുകളിൽനിന്നാണ‌് ഇക്കുറി സപ്ലൈകോ നെല്ല് സംഭരിച്ചത‌്. കഴിഞ്ഞ തവണ ഇത‌് 65 ആയിരുന്നു. 
നെല്ല് നൽകാനായി രജിസ്റ്റർചെയ്‌ത കർഷകരുടെ എണ്ണവും വർധിച്ചു. 3598ൽ നിന്ന‌് 4581 പേരായി. അതിൽ 4060 പേരാണ് സപ്ലൈകോക്ക് നെല്ല് നൽകിയത്. കഴിഞ്ഞ വർഷത്തേക്കാൾ 1212 കർഷകരാണ് ഇത്തവണ കൂടുതലായി സപ്ലൈകോക്ക് നെല്ല് നൽകിയത്.
പൊന്നാനി കോൾ മേഖലകളിൽനിന്നാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത്. നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽപ്പെട്ട തിരുത്തുമ്മൽ കോൾപടവ്, എടപ്പാൾ പഞ്ചായത്തിലെ എടമ്പാടം, ചെറാട്ട് കായൽ, മടക്കോൾ എന്നിവിടങ്ങളിൽ മഴക്കെടുതിയെ തുടർന്ന് 650 ടൺ കുറഞ്ഞു. 
സ്വകാര്യ ഏജൻസികൾ നെല്ലിന് തുച്ഛമായ വില നൽകുമ്പോൾ സർക്കാർ 23 രൂപ 50 പൈസ നൽകിയത‌് കർഷകരെ കൂടുതൽ കൃഷിയിലേക്ക് ആകർഷിച്ചു. സംഭരിച്ച നെല്ലിന്റെ തുക പെട്ടെന്ന‌് അക്കൗണ്ടിലെത്തുന്നതും ഗുണമായി. മിക്ക പഞ്ചായത്തുകളിലും വർഷങ്ങളായി തരിശുകിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ ഇക്കുറി കൃഷിയിറക്കി.
പ്രധാന വാർത്തകൾ
Top