Top
23
Tuesday, January 2018
About UsE-Paper

മാലിന്യ സംസ്ക്കരണത്തിന് ഇനി വടകര മാതൃക

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

വടകര > നഗര മാലിന്യ സംസ്കരണത്തിന് ജനകീയ പങ്കാളിത്തത്തിന്റെ മാതൃകാപരമായ പുതുചരിതം തീര്‍ത്ത് വടകര നഗരസഭയുടെ ക്ളീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ് വടകര പ്രൊജക്ടിന് ആവേശോജ്വല തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭയില്‍ കുടുംബശ്രീ മാലിന്യ സംസ്കരണ സംരംഭക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുന്നത്. മാലിന്യത്തിന്റെ അളവ് കുറക്കുന്നതോടൊപ്പം  അറുപത്തിരണ്ട് പേര്‍ക്ക് നഗരസഭയില്‍ ഉപജീവനത്തിന്റെ സംരംഭത്തിനും വഴി ഒരുക്കുന്നു. മുനിസിപ്പാലിറ്റിയിലെ ഒന്ന്, 18,  26 വാര്‍ഡുകളില്‍ ആറ് ഇനങ്ങളിലായി ശേഖരിച്ച അജൈവ പാഴ്വസ്തുക്കളില്‍ പ്ളാസ്റ്റിക്കുകളുടെ ശേഖരണത്തിനാണ് ആദ്യ തുടക്കം. കരിമ്പനപ്പാലത്ത് സി കെ നാണു എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷാരംഭത്തില്‍ നഗരസഭയുടെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഈ പദ്ധതി. മൂന്ന് വാര്‍ഡുകളിലെ 396 വീടുകളില്‍ നിന്നായി 152 ചാക്കുകളില്‍ നിന്ന് പ്ളാസ്റ്റിക് പാഴ് വസ്തുക്കള്‍ മിനി എംആര്‍എഫ് കേന്ദ്രത്തില്‍ എത്തിച്ചു. മൂന്നിന് 18, 26, ഒന്നും വാര്‍ഡുകളും നാലിന് രണ്ട് മൂന്ന്, നാല് വാര്‍ഡുകളും അഞ്ചിന് അഞ്ച്, ആറ് ഏഴ് വാര്‍ഡുകളില്‍ നിന്ന് പ്ളാസ്റ്റിക് പാഴ്വസ്തുക്കള്‍ ശേഖരിക്കും.
വാര്‍ഡ് കൌണ്‍സിലറുടെ നേതൃത്വത്തില്‍ ഗ്രീന്‍വാര്‍ഡ് ലീഡര്‍ വാര്‍ഡ് തല ഏകോപനം നടത്തും. നാല്‍പത് വീതം വീടുകള്‍ ഒരോ ക്ളസ്റ്ററുകളാക്കി ഒരോ ക്ളസ്റ്ററിനും ഒരു ലീഡറും ശുചിത്വ സേനാംഗങ്ങളും പ്രൊജക്ട് എക്സിക്യൂട്ടീവും മുഖേനെയാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റ്, റിങ് കമ്പോസ്റ്റ്, കിച്ചണ്‍ബിന്‍, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് വീടുകളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. ജൈവ മാലിന്യങ്ങള്‍ പറമ്പിലേക്ക് വലിച്ചെറിയരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്ന ഉപഭോഗ വസ്തുക്കളുടെ ഭാഗമായുണ്ടാകുന്ന പാഴ് വസ്തുക്കള്‍ വലിച്ചെറിയാതെ അജൈവ മാലിന്യപ്പെട്ടിയില്‍ സൂക്ഷിക്കാനുമാണ് നിര്‍ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കാനും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത സേന രൂപീകരിക്കാനും വിദ്യാര്‍ഥികള്‍ മഷിപ്പേന ഉപയോഗിക്കാനുമാണ് പ്രധാന നിര്‍ദേശം. സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടത്തുകയെന്ന ബൃഹത്തായ കര്‍മ പദ്ധതിക്കാണ് നഗരസഭ വഴിയൊരുക്കിയത്. പൊതു ചടങ്ങുകളിലെയും വിശേഷ ദിവസങ്ങളും പരിസ്ഥിതി സൌഹൃദമാക്കാനും ഡിസ്പോസിബിള്‍, പ്ളാസ്റ്റിക് ഗ്ളാസുകള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള നഗരസഭയുടെ നിര്‍ദേശത്തിന് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. സെക്രട്ടറി കെ യു ബിനി, വൈസ് ചെയര്‍പേഴ്സണ്‍ പി ഗീത, പി ഗിരീശന്‍, ടി കേളു, കെ പി ബിന്ദു, സിന്ധു, ഇ അരവിന്ദാക്ഷന്‍, പി കെ ബാലകൃഷ്ണന്‍, പി അശോകന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.