14 November Wednesday
4 പേരുടെ ചികിത്സക്ക്‌ തുണയാകും

ഇന്നത്തെ യാത്ര 'മൂകാംബിക'യിലാകട്ടെ

സ്വന്തം ലേഖകൻUpdated: Wednesday Aug 1, 2018

കോളിച്ചാലിലെ എന്‍ ബി ജയകുമാര്‍, പൊള്ളക്കടയിലെ ടി വി ദാസന്‍, കാഞ്ഞങ്ങാട്ടെ വി വിജയന്‍, പാണത്തൂരിലെ പ്രണവ്

രാജപുരം
നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ബുധനാഴ്ച നാല് മൂകാംബിക ബസുകള്‍ കാരുണ്യയാത്ര നടത്തും. ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാമാസവും ഒന്നാംതിയതി കാരുണ്യയാത്ര നടത്തുന്ന മൂകാംബിക ബസിന്റെ പതിവ് തെറ്റിക്കില്ല. പലഭാഗത്തായുള്ള നാലുപേർക്കായാണ്‌ ബുധനാഴ്‌ചത്തെ കാരുണ്യയാത്ര. മാറാരോഗങ്ങള്‍ പിടിപെട്ടും, ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതെ വിവിധ രോഗങ്ങള്‍ പിടിപ്പെട്ടവരെയും, നിരാലംബരായ കിടപ്പുരോഗികളെയും കണ്ടെത്തി അവര്‍ക്ക് ചികിത്സയൊരുക്കുന്നതിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടര വര്‍ഷം മുന്പാണ്‌ പാണത്തൂരിലെ വിദ്യാധരന്‍ കാട്ടൂരിന്റെ ഉടമസ്ഥതയിലുള്ള നാല് ബസും എല്ലാമാസവും ഒന്നാംതിയതി കാരുണ്യയാത്ര ആരംഭിച്ചത്. 
30‐മത്തെ തവണയാണ് കാരുണ്യവഴിയിലൂടെ ബസ് സർവീസ് നടത്തുന്നത്. കാരുണ്യയാത്ര നടത്തി കിട്ടുന്ന മുഴുവന്‍ തുകയും ചികിത്സാ ചെലവിനായി മാറ്റിവച്ച് കാരുണ്യവഴി തേടിയുള്ള മൂകാംബിക ബസിന്റെ ബുധനാഴ്‌ചത്തെ യാത്ര കോളിച്ചാലില്‍ വാടകവീട്ടില്‍ കഴിയുന്ന എന്‍ ബി ജയകുമാറിനും, കാഞ്ഞങ്ങാട്ടെ വിജയനും പൊള്ളക്കടയിലെ ടി വി ദാസനും, പാണത്തൂര്‍ വട്ടക്കയത്തെ മൂന്നരവയസുകാരൻ പ്രണവിനും വേണ്ടിയാണ്. കോളിച്ചാലിലെ ജയകുമാറിന് പത്തുവര്‍ഷം മുമ്പ് കടുത്ത വേദനയില്‍ ജോലിചെയ്യാന്‍പോലും കഴിയാതെ ദുരിതജീവിതം നയിക്കുന്ന ജയന്‍ കുടുംബത്തിന്റെ അത്താണിയായിരുന്നു. ബസ് ജീവനക്കാരനായ ജയന് പെെട്ടന്നാണ് ശരീര തളര്‍ച്ചയുണ്ടായത്. വിദഗ്‌ധ ചികിത്സയില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (ഇടുപ്പെല്ലിലെ ജോയിന്റുകളിലുണ്ടാകുന്ന തേയ്മാനം) ആണ് രോഗമെന്ന്‌ കണ്ടെത്തി. ഇരു കാലുകളിലെയും ഇടുപ്പെല്ലിലെ ബോളുകള്‍ മാറ്റിവയ്‌ക്കുകയാണ് ഏക പ്രതിവിധി. എന്നാല്‍ ചികിത്സാചെലവ് കണ്ടെത്താന്‍ വഴിയില്ലാതായതോടെയാണ് ജയന്റെ ജീവന്‍ രക്ഷിക്കാന്‍ മൂകാംബിക ബസ് കാരുണ്യ യാത്ര നടത്തുന്നത്. 
പെയിന്റിങ്‌ ജോലിക്കിടെ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട കാഞ്ഞങ്ങാട് അളറായിലെ വിജയന്റെ ജീവന്‍ രക്ഷിക്കാനും ബസ് കാരുണ്യയാത്ര നടത്തും. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയം വിജയനായിരുന്നു. ദുരിത ജീവിതം നയിക്കുന്ന പൊള്ളക്കടയിലെ ടി വി ദാസിന്റെ ചികിത്സക്ക് പണം കണ്ടെത്താനും മൂകാംബിക സർവീസ് നടത്തും. പാണത്തൂര്‍ വട്ടക്കയത്തെ ജയന്തന്‍‐ നളിനി ദമ്പതികളുടെ മകൻ മൂന്നരവയസുകാരൻ പ്രണവിന്റെ ജീവന്‍ രക്ഷിക്കാന്‍ പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൂകാബിക ബസ്‌ ബുധനാഴ്ച ഇവർക്കായി സർവീസ്‌ നടത്തുന്നത്. മൂകാബിക ബസിന്റെ കാഞ്ഞങ്ങാട്‐ പാണത്തൂര്‍,  കൊന്നക്കാട്‐ കാഞ്ഞങ്ങാട്, ബന്തടുക്ക‐ കാസര്‍കോട്,  കാഞ്ഞങ്ങാട്‐ കാഞ്ഞിരപൊയില്‍ റൂട്ടുകളിലെ ബസ്സുകളാണ്‌ രാവിലെ മുതല്‍ കാരുണ്യയാത്ര നടത്തുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top